തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂര്‍ സ്വദേശി നിധിൻ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് പൊലിസ് പറയുന്നു.
പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായി ചോദ്യം ചെയ്യുകയാണ്. പൊഴിയൂര്‍ പൊലിസ് ആണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന്റെ ചുറ്റളവില്‍ നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. എന്നാല്‍ സെക്രട്ടേറിയറ്റിൻ്റെ അകത്തെ പരിശോധന തുടരുകയാണ്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.പൊലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരില്‍ നിന്നാണ് സന്ദേശമെത്തിയത്.
സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്.
Tags:
KERALA