Trending

കോഴിക്കോട് ജില്ല നിപ വിമുക്തം

കോഴിക്കോട് :നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തെ നയിക്കാൻ കേരളത്തിന് സാധിക്കുമെന്ന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ്ജ .കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിന്റെ ഉദ്ഘാടനവും, കോഴിക്കോട് ജില്ല നിപ വിമുക്ത പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ വൈറസ് മനുഷ്യരിലേക്ക് എങ്ങനെ പടരുന്നു എന്നതിന് ശാസ്ത്രീയമായ ഉത്തരം കണ്ടെത്തുന്നതിനോടൊപ്പം ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനത്തിനുമായാണ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ വൺ ഹെൽത്ത് സെന്റർ ഫോർ റിസർച്ച്‌ ആരംഭിച്ചിട്ടുള്ളത്.  മറ്റ് അനുബന്ധ വകുപ്പുകളെയും കൂടി ഏകോപിപ്പിച്ചുകൊണ്ട് മികച്ച ഒരു ഗവേഷണ സ്ഥാപനമായി ഇതിനെ മാറ്റും. കമ്മ്യൂണിറ്റി സർവെയ്ലൻസിലൂടെ ശേഖരിക്കുന്ന ഡാറ്റകൾ അവലോകനം ചെയ്യുന്നതോടൊപ്പം നിപാ ഗവേഷണത്തിൽ ലോകത്തെ നയിക്കാനുള്ള കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു.

തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ ഉൾപ്പെടെ നിപ വൈറസ് ബാധ ചികിത്സിക്കുന്നതിനുള്ള  മോണോക്ളോണൽ ആന്റിബോഡി തദ്ദേശീയമായി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

മികച്ച ചികിത്സയിലൂടെയും കൃത്യമായ നിരീക്ഷണം ഉൾപ്പെടെയുള്ള നടപടികളിലൂടെയും നിപ മരണനിരക്ക് പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചു. ഏറ്റവും കൂടുതൽ സാമ്പിളുകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ പരിശോധിക്കുവാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. മികച്ച രീതിയിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷണം ഏർപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം തടയാനായതിന് കേന്ദ്ര സംഘത്തിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ചതായും മന്ത്രി പറഞ്ഞു. ഒരുമയോടെയും ഐക്യത്തോടെയും നിപ പ്രതിരോധത്തിനായി  പ്രവർത്തിച്ച കോഴിക്കോട്ടുകാർക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി കൂട്ടി ചേർത്തു.

നിപ പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ ജെ റിപ്പോർട്ട് അവതരിപ്പിച്ചു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് സമീപം അറോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം എൽ എ മാരായ ഇ കെ വിജയൻ,കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, കെ എം സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളായി. വാർഡ് കൗൺസിലർ കെ മോഹനൻ, മെഡിക്കൽ കോളേജ്  പ്രിൻസിപ്പൽ ഡോ. എൻ അശോകൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗുണാതീത കെ ആർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അബ്ദുൽ ലത്തീഫ് സി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ തോമസ് മാത്യു സ്വാഗതവും, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right