Trending

സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് വരുന്നു.

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ‘ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ എന്ന പദ്ധതി നടപ്പാക്കുക. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്‌‌ട്രി ( എപിഎഎആർ, അപാർ) എന്ന പേരിലാകും പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യു ആർ കോഡായിരിക്കും അപാർ കാർഡ്.

പ്രി- പ്രൈമറി ക്ളാസ് മുതൽ ഹയർ സെക്കണ്ടറി ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഒറ്റ തിരിച്ചറിയൽ കാ‌ർഡ് നൽകുക. എഡുലോക്കർ എന്ന രീതിയിൽ കണക്കാക്കുന്ന അപാർ ഐഡി വിദ്യാർത്ഥികൾക്ക് ജീവിതകാലം മുഴുവനുമുള്ള തിരിച്ചറിയൽ കാർഡായിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാവും.

അപാർ തിരിച്ചറിയൽ കാ‌‌ർഡിന്റെ നിർമാണത്തിനായി വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങാൻ എല്ലാ സ്‌കൂളുകൾക്കും നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകൾ. വിദ്യാർത്ഥികളുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കുമെന്ന് ഐ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ചെയർമാൻ ( എഐസിടിഇ) ടി ജി സീതാരാമൻ പറഞ്ഞു.

അപാർ കാർഡുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ മാതാപിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് യോഗം നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ 16നും 18നും ഇടയിൽ യോഗം നടത്താനാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ത ഗ്രൂപ്പിന്റെ വിവരങ്ങൾ, ഉയരം, ഭാരം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും കേന്ദ്ര സർക്കാരിന്റെ യൂണിഫൈഡ് ഡിസ്‌ട്രിക്‌ട് ഇൻഫോർമേഷൻ സിസ്റ്റം ഫോ‌ർ എഡ്യൂക്കേഷൻ വെബ്‌സൈറ്റിൽ നൽകാനും അദ്ധ്യാപകരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പോർ‌ട്ടലിൽ കുട്ടികളുടെ ആധാർ വിവരങ്ങൾ നൽകാൻ തന്നെ പാടുപെടുകയാണെന്നാണ് സ്‌കൂൾ മേധാവികൾ പറയുന്നത്.
Previous Post Next Post
3/TECH/col-right