കോഴിക്കോട്: താമരശേരിയിൽ മണിക്കൂറുകളുടെ ഇടവേളയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന നരിക്കുനി സ്വദേശിയായ ഷിബിൻലാലിനെ ഇന്ന് രാവിലെയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചയോടെയാണ് ഷിബിൻലാലിന്‍റെ സുഹൃത്തായ ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
താമരശേരിയില്‍ വാടകക്ക് താമസിക്കുന്ന നരിക്കുനി തേലമ്പാട്ടകുന്നുമ്മല്‍ ബാലന്റെ മകന്‍ ഷിബിന്‍ ലാലിനെ(26) ഇന്ന് രാവിലെയാണ് ചുങ്കം പനയുള്ള കുന്നുമ്മല്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനായ ഷിബിന്‍ലാല്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് താമരശേരിയില്‍ താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് മരിച്ച നിലയിൽ കണ്ടെത്തിയ ചുങ്കം മുട്ടുകടവ് ഓളിയോട്ടിൽ ശശിയുടെ മകൻ ശരത്ത് (27) ആണ് ഷിബിൻലാലിന്‍റെ സുഹൃത്താണ്. ഇന്ന് രാവിലെ താമരശേരി ചുങ്കത്ത് ഉണ്ടായിരുന്ന ശരത്ത് പിന്നീട് വീട്ടിലേക്ക് പോയിരുന്നു. അല്പം കഴിഞ്ഞാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: അഹിന. മാതാവ്: ദേവി.
രണ്ടുപേരുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു തന്നെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോൺ ഉൾപ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.
Tags:
OBITUARY