താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിക്ക് നിവേദനം നൽകി. അവധി ദിവസങ്ങളിൽ ചുരത്തിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് ഡി.വൈ.സ്. പിക്ക് നിവേദനം നൽകിയത്.
അവധി ദിവസങ്ങളിൽ വലിയ ചരക്ക് ലോറികൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ രാത്രി 8:00 വരെയുള്ള നിയന്ത്രണം കർശനമാക്കുക, ഹെയർപിൻ വളവുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കുക, ചുരത്തിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിൽ ഓവർടേക്ക് ഉൾപ്പെടെയുള്ള നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ അതീവ ഗൗരവതരമാണെന്നും ഇക്കാര്യങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ, ജന. സെക്രട്ടറി എം. സുൽഫിക്കർ, വി.കെ മുഹമ്മദ് കുട്ടിമോൻ, റഹീം എടക്കണ്ടി, എ.പി സമദ് എന്നിവർ സന്നിഹിതരായിരുന്നു.
Tags:
THAMARASSERY