Trending

ഇന്ന് മഹാനവമി, നാളെ ആദ്യാക്ഷര മധുരം; രാജ്യത്തെങ്ങും വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍

കോഴിക്കോട് :  തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയ നവരാത്രി അനുഗ്രഹ നിറവിൽ ഇന്നു മഹാനവമി. ഇന്ന് ദേവീ പ്രാർഥനയ്‌ക്ക് മാത്രമുള്ള ദിനമായാണ് കരുതുന്നത്. മഹാനവമി ദിനത്തിലെ പൂർണ ഉപവാസം അനുഗ്രഹദായകമെന്നാണ് വിശ്വാസം.ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. നാളെ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. നാവിലും അരിയിലും ഹരിശ്രീ കുറിച്ച് ആചാര്യന്മാർ കുരുന്നുകൾക്ക് ആദ്യാക്ഷര മധുരമേകും.

ക്ഷേത്രങ്ങളിൽ ഇന്ന് സരസ്വതി പൂജയും ആയുധ പൂജയും വിശേഷം. പ്രത്യേക മണ്ഡപങ്ങൾ ഒരുക്കി അതിൽ സരസ്വതീ ദേവിയെ പ്രതിഷ്‌ഠിച്ചാണ് പൂജവയ്‌പ്. ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്‌തക പൂജാ മണ്ഡപങ്ങളിൽ ഇന്ന് രാവിലെയും വൈകിട്ടും സരസ്വതീ പൂജ നടക്കും. മനസ്സിൽ വിദ്യാവെളിച്ചവും ജ്ഞാനപ്രകാശവും നിറയ്‌ക്കാനുള്ള പ്രാർഥനയുമായി പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്‌തക പൂജവയ്‌പ് നടന്നു. പുസ്‌തകങ്ങളും എഴുത്തുപകരണങ്ങളും പൂജയ്‌ക്ക് വച്ചു. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. വ്രതം നോൽക്കുന്ന വിദ്യാർഥികൾ വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കും.നാളെ രാവിലെ സരസ്വതി പൂജയ്‌ക്ക് ശേഷമാണ് പൂജയെടുപ്പ്.

തുടർന്ന് വിദ്യാരംഭവും വാഹന പൂജയും നടക്കും.ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അക്ഷരോപാസനാ കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ദുർഗാഷ്‌ടമി ദിനമായ ഇന്നലെ ദുർഗാദേവിക്ക് പ്രത്യേക പ്രാർഥനയുമായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു. മഹാനവമി ദിനമായ ഇന്ന് മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ നാളെ സരസ്വതിയെയുമാണ് ആരാധിക്കുക. ഈ ദിനങ്ങളിൽ ലളിതാ സഹസ്രനാമവും ദേവീ മാഹാത്മ്യ പാരായണവും ഏറെ വിശേഷം.
Previous Post Next Post
3/TECH/col-right