പൂനൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സി പി ശ്രീഹരിക്കും, സാമൂഹ്യ ശാസ്ത്ര അധ്യാപിക കെ രാജിക്കും അനുമോദനവും യാത്രയയപ്പും നൽകി.
ഗാന്ധിജിയുടെ ജീവിത സമര വഴികളിലൂടെയുള്ള യാത്രയിൽ കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള 82 വിദ്യാർഥികളും 10 അധ്യാപകരും ഉൾപ്പെടെ 110 അംഗങ്ങളടങ്ങിയ സംഘമാണ് ആഗസ്ത് 30ന് യാത്ര പുറപ്പെടുന്നത്.ഫ്രീഡം സ്ക്വയറിൽ നിന്നും പുറപ്പെട്ട് ഗുജറാത്തിലെ പോർബന്തറിൽ എത്തി ഗാന്ധിജിയുടെ ജന്മസ്ഥലവും സബർമതിയും സന്ദർശിക്കും. ദണ്ഡിയിൽ യാത്ര നടത്തി കടപ്പുറത്ത് ഉപ്പ് കുറുക്കും.
പിന്നീട് ഡൽഹിയിലെത്തി രാജ്ഘട്ടും ഗാന്ധി മ്യൂസിയവും സന്ദർശിച്ച് ബിർലാമന്ദിറിൽ ഒരു ദിവസം ഉപവാസം ഇരുന്നു കൊണ്ടാണ് യാത്ര അവസാനിപ്പിക്കുന്നത്. ഗീർവനം സന്ദർശിക്കാനും വ്യത്യസ്ത കലാപരിപാടികൾ ആസ്വദിക്കാനും വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി സംവദിക്കാനും സംഘത്തിന് അവസരം ലഭിക്കും.
ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഖൈറുന്നിസ റഹിം അധ്യക്ഷയായി. ജില്ല പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമ പഞ്ചായത്ത് അംഗം ആനിസ ചക്കിട്ടകണ്ടി, പ്രിൻസിപ്പാൾ ഇൻ ചാർജ് കെ കെ ഷൈജു, എ വി മുഹമ്മദ്, കെ. മുബീന, വി എം ശിവാനന്ദൻ, സി.പി ശ്രീഹരി, കെ.രാജി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ പി സലില സ്വാഗതവും, ഡോ. സി പി ബിന്ദു നന്ദിയും പറഞ്ഞു.
Tags:
EDUCATION