കൊടുവള്ളി : ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി മുൻസിപ്പൽ കമ്മറ്റിയുടെ പ്രതിനിധി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫൈനാൻസ് മാനേജരും സംഘവും ഹൃദ്രോഗിയായ കൊടുവള്ളി കച്ചേരി ക്കുന്ന് ലക്ഷം വീട് അബൂബക്കർ - സൗദ ദമ്പതികളുടെ വീട് ജപ്തി ചെയ്ത നടപടി മനുഷ്യത്വമില്ലായ്മയാണ്. ഇദ്ധേഹം ചികിൽസാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു. ഇയാളുടെ വശം കേൾക്കാൻ അൽപം സമയം കൂടി നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു.
നാല് ലക്ഷം രൂപ ബാങ്ക് വായ്പയ്ക്ക് രേഖകളുടെ ഫോട്ടോ കോപ്പി മാത്രമാണ് നൽകിയത്. ഫോട്ടോ കോപ്പി കൊണ്ട് മാത്രം വായ്പ അനുവദിക്കാമോ എന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കണം. നാല് ലക്ഷം രൂപയിൽ മൂന്നര ലക്ഷം മാത്രമാണ് അബൂബക്കറിന് ലഭിച്ചത്. അൻപതിനായിരം രൂപ ബാങ്ക് ഏജന്റ് തട്ടിയെടുത്തത് അന്വേഷിക്കണം.സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണം.പാവങ്ങളെ ചൂഷണം ചെയ്യുന്ന ബാങ്കുകൾക്ക് കടിഞ്ഞാണിടാൻ സർക്കാർ തയ്യാറാകണം പ്രമേയത്തിൽ പറഞ്ഞു.
"വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനെതിരെ" എന്ന പ്രമേയത്തിൽ നെല്ലാംകണ്ടി ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് ഉൽഘാടനം ചെയ്തു. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് എൻ.കെ.മുഹമ്മദലി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഒ.പി. മജീദ് സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫ് മുഖ്യപ്രഭാഷണം നടത്തി.
വി.കെ.അബ്ദു ഹാജി, ടി പി. നാസർ, എം.എൻ അബൂബക്കർ , പി.കെ സുബൈർ, പി.കെ.സി സമദ്, ഫൈസിർ തെറ്റുമ്മൽ , പി.സി റാഷിദ്, സിനാൻ പാലായി, ആശിഖ് ഫുആദ് തുടങ്ങിയവർ പ്രസംഗിച്ചു.മുൻസിപ്പാലിറ്റിയിലെ ഇരുപത്തിയഞ്ച് ഡിവിഷനുകളിലും യൂത്ത് മീറ്റ് നടത്തിയതിന് ശേഷമാണ് പ്രതിനിധി സംഗമം നടത്തിയത്.
Tags:
KODUVALLY