Trending

പന്നിക്കോട്ടൂരിൽ കണ്ടെത്തിയതും പാതാള മത്സ്യം എന്ന് വിലയിരുത്തൽ.

കൊടുവള്ളി: നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ രണ്ടുവർഷം മുമ്പ് കണ്ടെത്തിയതും പാതാള മത്സ്യം തന്നെയെന്ന് വിലയിരുത്തൽ. ടൈറ്റാനിക് നായകൻ ലിയോണാർഡോ ഡികാപ്രിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച 'പാഞ്ചിയ പാതാള'യുടെ ജീനസിൽ പെടുന്ന മറ്റൊരു സ്പീഷീസായ 'പാഞ്ചിയോ ഭുജിയ' മത്സ്യത്തെയാണ് കണ്ടെത്തിയെന്ന് അധ്യപകനും പ്രമുഖ ശാസ്ത്ര കൃഷി എഴുത്തുകാരനുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അഭിപ്രായപ്പെട്ടു. 'പാഞ്ചിയോ ഭുജിയ' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പാതാള മത്സ്യത്തിൻ്റെ സവിശേഷതകളെല്ലാം ഈ മത്സ്യത്തിലും ദൃശ്യമാണ്.

പന്നിക്കോട്ടൂരിലെ പൊന്നടം ചാലിൽ അഹമ്മദ് കുട്ടിയുടെ വീട്ടിലെ കിണറിൽ  ഈ മത്സ്യം ഇപ്പോഴും ഉള്ളതായി കണക്കാക്കുന്നു. 2020ൽ ഈ വീട്ടുകാർക്ക് ടാങ്കിൽ നിന്ന് പൈപ്പിലൂടെ വെള്ളം ശേഖരിക്കുമ്പോൾ പാത്രത്തിൽ ഒരു മത്സ്യത്തിനെ ലഭിക്കുകയായിരുന്നു. മോട്ടോർ പമ്പ് ഉപയോഗിച്ച് ടാങ്കിൽ ശേഖരിച്ച വെള്ളത്തിൽ നിന്നാണ് ടാപ്പിലൂടെ മത്സ്യം പാത്രത്തിൽ എത്തിയത്. 

പ്രദേശത്തെ തോൽപ്പാറമലയുടെ താഴ് വാരത്ത് വയലിനോട് ചേർന്ന പറമ്പിലാണ് കിണർ സ്ഥിതി ചെയ്യുന്നത്. അപൂർവ്വ മത്സ്യം എന്ന രീതിയിൽ അന്ന് പല പ്രമുഖരെയും സമീപിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല.  സിറാജുദ്ദീൻ പന്നിക്കോട്ടൂരിനെ സമീപിക്കുകയും ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. മത്സ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ കുഫോസ് അധികൃതരെ ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

കേരള മത്സ്യ സമുദ്ര പഠന സർവകലാശാല (കുഫോസ്) കേരളത്തിലെ ഭൂഗർഭ ജലമത്സ്യങ്ങളെക്കുറിച്ച് കഴിഞ്ഞ പത്ത് വർഷമായി ഗവേഷണ പഠനം നടത്തി വരികയാണ്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വിഭാഗത്തിൻ്റെയും എം ബി സെഡ്  സംഘടയുടേയും സഹായവും സർവകലാശാലയ്ക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

റിപ്പോർട്ട്:അഷ്റഫ് വാവാട്
Previous Post Next Post
3/TECH/col-right