താമരശ്ശേരി: വാര്‍ത്ത ശേഖരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബ് പ്രതിഷേധിച്ചു. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സിദ്ദീഖ് പന്നൂര്‍, ടൈം വിഷന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ആര്‍ ഭാരതി എന്നിവര്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്.
പുതുപ്പാടി മലപുറത്ത് കോഴിമാലിന്യ പ്ലാന്റിലേക്കുള്ള ലോറി തടഞ്ഞ് അടിച്ച് തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോഴാണ് ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. ലോറി തകര്‍ത്ത സംഭവം വാര്‍ത്തയാക്കരുതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പട്ടാപകല്‍ നിരവധി പേര്‍ നോക്കി നില്‍ക്കെ പൊതു റോഡില്‍ നടന്ന സംഭവം.
വാര്‍ത്തയാക്കിയാല്‍ വീട്ടില്‍ കയറി വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രസ്‌ഫോറം വിലയിരുത്തി. വനിതാ മാധ്യമ പ്രവര്‍ത്തകയോട് പോലും അതിക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. നടുറോഡില്‍ നടക്കുന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും വാര്‍ത്തയാക്കരുതെന്നും പറയുന്നവര്‍ നാട്ടില്‍ അരാചകത്വം വളര്‍ത്താനാണ് ശ്രമിക്കുന്നത്.
ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ക്ക് എന്നും മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. സമരത്തിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകരെ പോലും അക്രമിക്കുന്ന രീതിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് പ്രസ് ഫോറം ആവശ്യപ്പെട്ടു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവസരം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മജീദ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.
Tags:
THAMARASSERY