കോഴിക്കോട് : സഊദിയിലേക്കുള്ള പ്രവാസികൾക്ക് വിസ സ്റ്റാമ്പിംഗ് ഇനി കോഴിക്കോട്ടും സാധ്യം. സഊദി വിസ സ്റ്റാമ്പിംഗ് ഏജൻസിയായ വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) ഗ്ലോബൽ മുഖേനയാണ് കോഴിക്കോട്ടെ കേന്ദ്രം പ്രവർത്തിക്കുക.
വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമർപ്പിക്കുന്ന വെബ്‌സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ടും പുതിയ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് ചെയ്തത്. കൊച്ചി വി.എഫ്.എസ് കേന്ദ്രത്തിന് കീഴിലായാണ് കോഴിക്കോട്ടെ കേന്ദ്രം പ്രവർത്തിക്കുക. ഈ കേന്ദ്രം വഴിയുള്ള സ്‌ളോട്ട് ബുക്കിംഗ് ഉടനെ തുടങ്ങുമെന്നാണ് വിവരം.
സഊദി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള vc.tasheer.com എന്ന വെബ്‌സൈറ്റിലാണ് കോഴിക്കോട്ട് കേന്ദ്രം കൂടി ഉൾപ്പെടുത്തിയത്. കോഴിക്കോട് കേന്ദ്രത്തിൽ നിന്നുള്ള ബുക്കിംഗ് സ്‌ളോട്ടുകൾ കോൺഫിഗർ ചെയ്തിട്ടില്ല.വൈകാതെ സ്‌ളോട്ടുകൾ ലഭ്യമാകുമെന്നാണ് വിവരം.
സഊദിയുടെ മുംബൈ മിഷന് കീഴിൽ കൊച്ചിയിലെ വി.എഫ്.എസ് കേന്ദ്രമായിരുന്നു ഇതുവരെ സഊദി വിസ സ്റ്റാമ്പിംഗിന് മലയാളികൾക്കുള്ള ഏക ആശ്രയം. കോഴിക്കോട് കൂടി സെന്റർ ആകുന്നതോടെ മലയാളികൾക്ക് പ്രത്യേകിച്ച് മലബാറിലെ ആയിരക്കണക്കിന് പേർക്ക് ഇത് ഏറെ ഗുണം ചെയ്യും. ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിംഗ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിംഗ് ഇതുവഴി ആകുന്നതോടെ സൗദി പ്രവാസികൾക്ക് ഏറെ ആശ്വാസമാവും.
ഇതനുസരിച്ച് സഊദിയിലേക്ക് പോകാനാഗ്രഹിക്കുന്ന ഏതൊരാളും വിസ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ ഹാജരായി വിരലടയാളം പതിക്കണം. എങ്കിൽ മാത്രമേ വിസ നടപടിക്രമം ആരംഭിക്കുകയുള്ളൂ.
നേരത്തെ സഊദി വിമാനത്താവളത്തിൽ വെച്ചാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോഴത് വിസക്ക് അപേക്ഷിക്കുന്ന ഘട്ടത്തിൽ തന്നെ പൂർത്തീകരിക്കുന്നത് ഏറെ പ്രയാസങ്ങൾ ലഘൂകരിക്കാൻ സഹായകമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാജ്യത്ത് എത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സഊദി വിദേശകാര്യ മന്ത്രാലയം പുതിയ പരിഷ്‌കാരം നടപ്പാക്കിയത്.
Tags:
KOZHIKODE