നരിക്കുനി : വാഹനമോ ലൈസൻസോ നേരിട്ട് പരിശോധിക്കാതെ ബൈക്കിൽ സഞ്ചരിച്ച സഹോദരങ്ങൾക്ക് ലൈസൻസില്ലെന്ന് പറഞ്ഞു വൻ തുക പിഴയടക്കാൻ നോട്ടീസ്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്ത രണ്ടുപേർക്ക് 11000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് അയച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ.19കാരനായ സഹോദരനും സഹോദരിക്കുമായാണ് പിഴയിട്ടത്.
നരിക്കുനിയിലാണ് നന്മണ്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഊഹ പിഴ.സാധനം വാങ്ങാൻ ടൗണിലെത്തിയ ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അവിടെയുണ്ടായിരുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഇരുവരുടെയും വാഹനത്തിന്‍റെയും ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു.
എന്നാൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 5000 രൂപ പിഴയും ലൈസൻസില്ലാത്തയാൾക്ക് വാഹനമോടിക്കാൻ കൊടുത്തതിന് 5000 രൂപ പിഴയും ഹെൽമെറ്റില്ലാത്തതിന് രണ്ടുപേർക്കുമായി ആയിരം രൂപയും ഉൾപ്പടെ 11000 രൂപയ്ക്കുള്ള ചെലാൻ നോട്ടീസാണ് ലഭിച്ചത്. എന്നാൽ സ്കൂട്ടർ ഓടിച്ച യുവാവ് എട്ട് മാസം മുമ്പ് ലൈസൻസ് എടുത്തിട്ടുണ്ട്. വാഹനമോ ലൈസൻസോ നേരിട്ട് പരിശോധിക്കാതെയും ഇവരോട് കാര്യങ്ങൾ തിരക്കാതെയും ലൈസൻസില്ലെന്ന് ഉദ്യോഗസ്ഥർ വിധി എഴുതുകയായിരുന്നു. ഇതോടെയാണ് 11000 രൂപ പിഴയൊടുക്കണമെന്ന് കാട്ടി നോട്ടീസ് ലഭിച്ചത്.
ഇതേക്കുറിച്ച് നന്മണ്ട ആർ.ടി ഓഫീസിൽ വിളിച്ചപ്പോൾ വാഹനമോടിച്ചയാൾ ഹെൽമെറ്റ് വെക്കാത്തതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും, അയാൾക്ക് ലൈസൻസ് ഉണ്ടോയെന്ന് അറിയാത്തതു കൊണ്ടാണ് പിഴ ഈടാക്കിയതെന്നും എഎംവിഐ ഇവരുടെ പിതാവിനോട് പറഞ്ഞു. ഓഫീസിൽ എത്തിയാൽ ലൈസൻസിന്‍റെ പേരിലുള്ള പിഴ ഒഴിവാക്കി നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. എ.എം.വി.ഐയുടെ നടപടി ഏറെ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്യുന്നു.
Tags:
NARIKKUNI