തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് (വെള്ളി) വൈകിട്ട് നാലുമുതല്‍ ജൂണ്‍ ഒമ്ബതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒരാള്‍ക്ക് ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിക്കാനാകും. എസ്‌എസ്‌എല്‍സി/ പത്താം ക്ലാസ് തുല്യതാപരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയവരെയും സിബിഎസ്‌ഇ പരീക്ഷയില്‍ ജയിച്ചവരെയും മുഖ്യഅലോട്ട്മെന്റില്‍ പരിഗണിക്കും. www.admission.dge.kerala.gov.in വെബ്സൈറ്റിലെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ ലിങ്കിലൂടെ അപേക്ഷിക്കണം.
പത്താം ക്ലാസിലെ മാര്‍ക്ക് കൂട്ടിയെടുത്ത് വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കി റാങ്ക് തീരുമാനിക്കും. റാങ്ക്, കുട്ടികള്‍ നല്‍കിയ ഓപ്ഷൻ, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാം വഴി സെലക്ഷനും അലോട്ട്മെന്റും നടക്കും. ട്രയലടക്കം നാല് അലോട്ട്മെന്റുണ്ടാകും. ആദ്യ അലോട്ട്മെന്റില്‍ ഇഷ്ടപ്പെട്ട സ്കൂളും കോമ്ബിനേഷനും ലഭിച്ചവര്‍ക്ക് സ്ഥിരപ്രവേശനം നേടാം. മറ്റുള്ളവര്‍ താല്‍ക്കാലിക പ്രവേശനം നേടണം.
അലോട്ട്മെന്റില്‍ വന്നിട്ടും സ്കൂളില്‍ ചേരാതിരുന്നാല്‍ പ്രവേശനാവസരം നഷ്ടമാകും. ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിച്ചവര്‍ ഏതെങ്കിലുമൊരു ജില്ലയില്‍ പ്രവേശിക്കുന്നതോടെ മറ്റ് ജില്ലയിലെ ഓപ്ഷൻ സ്വയം റദ്ദാകും. ട്രയല്‍ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്. മൂന്ന് അലോട്ട്മെന്റ് അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നുവരെ. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ പിശകുവന്നാല്‍ തിരുത്താൻ അവസരമുണ്ട്. ഇത് പരിഗണിച്ചാകും ട്രയല്‍ അലോട്ട്മെന്റ്.
സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളിലേക്കും സമാന വ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. www.admission.dge.kerala.gov.in വെബ്സൈറ്റിലെ ക്ലിക് ഫോര്‍ ഹയര്‍ സെക്കൻഡറി വൊക്കേഷണല്‍ അഡ്മിഷൻ എന്ന ലിങ്കില്‍ ക്ലിക് ചെയ്യണം.
Tags:
EDUCATION