തിരുവനന്തപുരം:സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. ഒപ്പം രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ വാഹനത്തില്‍ ചൈല്‍ഡ് ഓണ്‍ ബോര്‍ഡ് എന്ന അറിയിപ്പ് പതിപ്പിക്കുകയും വേണം. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവര്‍ക്ക് നല്‍കണം. കുട്ടികളുടെ പിന്‍സീറ്റ് യാത്ര, രണ്ടു വയസിന് താഴെയുള്ളവര്‍ക്ക് ബേബി സീറ്റ് എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം എന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു.
കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി കാറോടിക്കാനും പാടില്ല. ഈ പ്രവണത അത്യന്തം അപകടം നിറഞ്ഞതാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. കഴിവതും കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതാണ് ഉത്തമം. മടിയില്‍ ഇരുത്തിയുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ ഉള്ളപ്പോള്‍ ചൈല്‍ഡ് ലോക്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ഡോര്‍ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി (വലത് കൈ കൊണ്ട് ഇടത് ഡോര്‍ തുറക്കുന്ന രീതി) പരിശീലിപ്പിക്കുന്നതും ഉചിതമാണെന്നും കമ്മീഷൻ പറഞ്ഞു.
കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത് പോലെ ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാണ്. നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ഒരു യാത്രക്കാരനായാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഈ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിപ്പിക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ലെ ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
അതേസമയം വാഹനത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുള്ള കാര്യമാണിത്. 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ സീറ്റ് ബെല്‍റ്റും അതിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ചൈല്‍ഡ് റീസ്ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.
എന്താണ് ചൈല്‍ഡ് കാർ സീറ്റ്?
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേകതരം ഇരിപ്പിട കസേരയാണ് കാർ സീറ്റ്. വിലകുറഞ്ഞതും കരുത്തേറിയതും എന്നാൽ മോടിയുള്ളതുമായ വസ്‍തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഒരു അപകടം സംഭവിച്ചാലും, റോഡ് യാത്രയിലുടനീളം നിങ്ങളുടെ കുട്ടി സുരക്ഷിതമായും സുഖമായും തുടരുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. ഈ സീറ്റുകൾ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് ഒരു സീറ്റിൽ ബന്ധിപ്പിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റുകൾ ചൈല്‍ഡ് കാർ സീറ്റിനെ സ്ഥിരമായും സ്ഥാനത്തും ഉറപ്പിച്ചു പിടിക്കുന്നു. വിവിധ തരത്തിലുള്ള ചൈല്‍ഡ് കാർ സീറ്റുകൾ വിപണിയിൽ ലഭ്യമാണ്. അവരവരുടെ കാർ അനുസരിച്ച്, ഒരാൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാം.
Tags:
KERALA