Trending

ചെറിയ പെരുന്നാൾ സ്മൃതികൾ: ഡോ. മുഹമ്മദ് ഇസ്മാഈൽ മുജദ്ദിദി

ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു വിരാമമായി റമദാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാളിലേക്കു നാം പ്രവേശിച്ചു. അല്ലാഹു അക്ബർ.... വലില്ലാഹിൽ ഹംദ്....ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...

വിശപ്പിൻ്റെയും ദാഹത്തിൻ്റെയും ആഴമറിഞ്ഞും ഇഷ്ടങ്ങളെ വർജിച്ചും സ്രഷ്ടാവിൻ്റെ ആജ്ഞകൾ അനുസരിച്ച് പാകപ്പെടുത്തിയ മനസുമായി വിശ്വാസി ആഘോഷിക്കുകയാണ്. ഇന്നലെ വരെ വ്രതം നിർബന്ധമായിരുന്നുവെങ്കിൽ ഇന്ന് വ്രതം നിഷിദ്ധമാണ്. 
എല്ലാം നിയന്ത്രിച്ചു. ഭക്ഷണം, പാനീയം, ഭാഷണം,ഇടപാടുകൾ, വികാരങ്ങൾ... എല്ലാമെല്ലാം... അങ്ങനെ തീച്ചൂളയിൽ ഊതിക്കാച്ചിയെടുത്ത് ശുദ്ധീകരിച്ച മനസുമായി വിശ്വാസി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

എന്നാൽ വേദനാജനകവും സംഭ്രമാത്മകവുമായ സംഭവങ്ങളാണ് അനുദിനം നാം കേൾക്കുന്നത്. ഭരണകൂട ഭീകരതയുടെ താണ്ഡവങ്ങൾ... ഭയവിഹ്വലതയാണ് ഇന്ത്യൻ ന്യൂനപക്ഷങ്ങളെ നയിക്കുന്നത്. ഏത് നിമിഷവും അവരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ.. NRC, റിസർവേഷൻ, കൂട്ടക്കൊലകൾ, തിരോധാനങ്ങൾ, ആരാധനാലയങ്ങൾ തകർക്കൽ, കുടി ഒഴിപ്പിക്കൽ, നിയമം കൈയിലെടുത്ത് പന്താടുന്നത് തുടങ്ങി ദിനംപ്രതി വരുന്ന വാർത്തകൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും ജനതയെ അസ്വസ്ഥപ്പെടുത്തുന്നതുമാണ്.

ആഗോളതലത്തിൽ യുദ്ധം മണക്കുന്ന നെറികേടിൻ്റെ രാഷ്ട്രീയവും അഭ്യന്തര കലാപങ്ങളും സംഘർഷങ്ങളും ആളിക്കത്തുകയാണ്. സമാധാനത്തിന് ലോകം ദാഹിക്കുന്നു. വർണവെറിയുടെ ഇരുണ്ട കാലം ഇനിയും മാറിയിട്ടില്ല. റഷ്യയുടെ ഉക്രൈൻ ആക്രമണത്തിൽ നിരവധി സൈനികരും സിവിലിയന്മാരും കൊല്ലപ്പെട്ടു. സുഡാനിലാകട്ടെ അദ്യന്തര യുദ്ധത്തിൽ ആയിരങ്ങൾ കെടുതിയിലായി. നൂറിലധികം മനുഷ്യജീവനുകൾ നിശ്ചലമായി. ഫലസ്തീനിലെ നൂറുക്കണക്കിന് കൗമാര - യൗവനങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടു. പ്രശസ്ത പത്രപ്രവർത്തകരും സാമൂഹ്യ രാഷ്ടീയ നേതൃത്വവും യുദ്ധഭൂമിയിൽ നിലം പതിച്ചു.

വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും ലോക മനസാക്ഷിയെ നടുക്കുന്ന യുദ്ധപ്രഖ്യാപനങ്ങളും ശാന്തിയില്ലാത്ത ലോകത്തെയാണ് വിളംബരപ്പെടുത്തുന്നത്.
കലുഷിതമായ അന്തരീക്ഷത്തിൽ നിന്ന് മോചനം നേടാനുള്ള ധർമസമരത്തിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടാൻ റമദാനിലൂടെ കൈവരിച്ച ആത്മവിശുദ്ധി നിമിത്തമാകട്ടെ.
Previous Post Next Post
3/TECH/col-right