Trending

തണ്ടപ്പേര്‍ അപേക്ഷ കെട്ടിക്കിടക്കുന്നു; ഭൂനികുതി അടയ്ക്കാനാകാതെ ജനം.

വില്ലേജ് ഓഫീസുകളില്‍ ഏകീകൃത തണ്ടപ്പേര്‍ നമ്പർ ലഭിക്കാന്‍ നൂറുകണക്കിന് അപേക്ഷകള്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നു.വസ്തു ഉടമയെ തിരിച്ചറിയുന്നതിനായി നല്‍കുന്ന നമ്പറാണ് തണ്ടപ്പേര്‍. ഇത് ഭൂനികുതി രസീതില്‍ കാണിക്കും. കഴിഞ്ഞ വര്‍ഷം വരെ ഒരാളുടെ പേരില്‍ ഒന്നിലേറെ താല്‍ക്കാലിക തണ്ടപ്പേര്‍ നമ്പറുകളിലാണ് വില്ലേജ് ഓഫീസുകളില്‍ ഭൂനികുതി സ്വീകരിച്ചിരുന്നത്.

ആധാറിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ പേരിലുള്ള എല്ലാ ഭൂമികള്‍ക്കും ചേര്‍ത്ത് ഒരു തണ്ടപ്പേരില്‍ നികുതി സ്വീകരിക്കാനാണ് പുതിയ നിര്‍ദേശം. ഇതിനായി ഭൂരേഖ പകര്‍പ്പും ആധാര്‍ നമ്പറും മറ്റു വിശദാംശങ്ങളും ചേര്‍ത്ത് അപേക്ഷ നല്‍കിയിട്ട് മാസങ്ങളായിട്ടും നടപടി പൂര്‍ത്തിയായില്ല.

മുന്‍ വില്ലേജ് ജീവനക്കാര്‍ സമയാസമയങ്ങളില്‍ അടിസ്ഥാന നികുതി രജിസ്റ്ററിലും പോക്കുവരുവും മറ്റും നടത്താതെ സര്‍വേ നമ്പർ മാത്രം എഴുതി നികുതി സ്വീകരിച്ചതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

പുതിയ സാമ്ബത്തിക വര്‍ഷം ആരംഭിച്ചതോടെ കാര്‍ഷിക വായ്പ, വൈദ്യുതി കണക്ഷന്‍, ഗൃഹനിര്‍മ്മാണം, കാര്‍ഷിക ആനുകൂല്യം തുടങ്ങി പല ആവശ്യങ്ങള്‍ക്ക് ഭൂനികുതി അടച്ച രസീത് വേണം. നികുതി അടയ്ക്കാന്‍ കഴിയാതെ നിരവധി പേരാണ് ദിവസവും വില്ലേജ് ഓഫീസുകളില്‍ വന്ന് നിരാശരായി മടങ്ങുന്നത്.

അധികൃതര്‍ക്ക് മുടന്തന്‍ ന്യായം

ഏകീകൃത തണ്ടപ്പേര്‍ ഉള്ളവര്‍ക്ക് മാത്രമേ നിലവില്‍ ഓണ്‍ലൈനായി നികുതി അടയ്ക്കാന്‍ സാധിക്കൂ. പുതിയ നിര്‍ദ്ദേശം നടപ്പാക്കാന്‍ ആവശ്യത്തിന് ഫീല്‍ഡ് ജീവനക്കാരില്ല. എല്ലാവരും പുതിയ ആള്‍ക്കാരാണ്. ഈ സാമ്ബത്തിക വര്‍ഷം അവസാനം വരെ നികുതി അടയ്ക്കാന്‍ സമയമുണ്ട്, പേടിക്കേണ്ടെന്നുള്ള മുടന്തന്‍ ന്യായങ്ങളാണ് അധികൃതര്‍ പറയുന്നത്.
Previous Post Next Post
3/TECH/col-right