താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുയരുന്ന അതിരൂക്ഷമായ ദുർഗന്ധവും വായു മലിനീകരണവും ഇരുതുള്ളി പുഴയിലെ ജലമലിനീകരണവും മൂലം നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അതിശക്തമായ ബഹുജനപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി താമരശ്ശേരി ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത പ്രത്യേക നേതൃയോഗം തീരുമാനിച്ചു.
ദുർഗന്ധവും, വായു മലിനീകരണവും, ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും പ്രശ്നപരിഹാരത്തിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ഫ്രഷ് കട്ട് എന്ന സ്ഥാപന അധികൃതരുടെ ധിക്കാരപരമായ നടപടികൾ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.
ഈ ജനകീയ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ മുസ്ലിം ലീഗ് പാർട്ടി സമര രംഗത്തുണ്ടാവുമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗ് പാർട്ടി നിലയുറപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇടപെട്ട ജനപ്രതിനിധികളും, സമരസമിതി അംഗങ്ങളും, പൊതുപ്രവർത്തകരും, ഉദ്യോഗസ്ഥരുമടങ്ങുന്ന മധ്യസ്ഥ സമിതിക്ക് മുന്നിൽ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ നിരവധി തവണ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രശ്നപരിഹാരത്തിനായി സർക്കാർ വകുപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ പോലും കമ്പനി അധികൃതർ മുഖവിലക്കെടുത്തിട്ടില്ലെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീമാനിച്ചിരിക്കുന്നത്. സമരപരിപാടികൾ ഏകോപിപ്പിക്കുന്നതിന് സമരസമിതിക്ക് യോഗം രൂപം നൽകി.
സമര പരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിനായി ജനപ്രതിനിധികളും സമരസമിതി അംഗങ്ങളും ഡോ. എം.കെ മുനീർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഈ മാസം എട്ടാം തീയതി യോഗം ചേരും. ആദ്യഘട്ടത്തിൽ ജില്ലാ ആസ്ഥാനങ്ങളിലെ വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. അതോടൊപ്പം നിയമപരമായ പോരാട്ടവും നടത്തും. തുടർന്ന് ബഹുജന പങ്കാളിത്തത്തോടെ മറ്റ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. സമര പരിപാടികളുടെ ഭാഗമായി സമൂഹ മാധ്യമ ക്യാമ്പയിൻ ആചരിക്കും.
യോഗത്തിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.. ജന. സെക്രട്ടറി കെ.കെ.എ ഖാദർ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.എസ് മുഹമ്മദലി നന്ദിയും പറഞ്ഞു. എ.പി മജീദ് മാസ്റ്റർ, പി. മുഹമ്മദ്, അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, സുലൈമാൻ പോർങ്ങോട്ടൂർ, യു.കെ ഹുസൈൻ, മുഹമ്മദ് മോയത്ത് , പി.പി ഹാഫിസ് റഹ്മാൻ, എ.കെ അബൂബക്കർ കുട്ടി, കെ.കെ അബ്ദുല്ലക്കുട്ടി, എം. സുൽഫിക്കർ, ഹാരിസ് അമ്പായത്തോട്, അഷ്റഫ് കൂടത്തായി, ഹുസൈൻ കരിമ്പാലക്കുന്ന്, പി.വി സാദിക്ക്, എം. നസീഫ്, ഷാഫി സക്കറിയ കോളിക്കൽ, എം.പി സെയ്‌ത്, മുഹമ്മദ് കുട്ടി തച്ചറക്കൽ, സുബൈർ വെഴുപ്പൂർ, ഷംസീർ എടവലം, കെ.സി ഷാജഹാൻ, എം.ടി അയ്യൂബ് ഖാൻ, വി.കെ ഇമ്പിച്ചി മോയി തുടങ്ങിയവർ സംസാരിച്ചു.
Tags:
THAMARASSERY