Trending

ആകാശക്കൊള്ള: കേരള പ്രവാസിസംഘം പ്രക്ഷോഭത്തിലേക്ക്.

കോഴിക്കോട്: വിമാനയാത്രാനിരക്ക്‌ മൂന്നിരട്ടിയായി വർധിപ്പിച്ചതിലും ഗൾഫ് സെക്റ്ററിലേക്കുള്ള സർവീസ് ഗണ്യമായി വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചു കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസ് മാർച്ച് സംഘടിപ്പിക്കും. കേരള പ്രവാസി സംഘം മാർച്ച്‌ 29, 30 തിയ്യതികളിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് മാർച്ച്‌ 29 ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ച്‌ നടത്തുന്നത്.സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി മാർച്ച്‌ ഉദ്ഘാടനം ചെയ്യും.

അവധിക്കാലത്തു ഗൾഫ് സെക്ടറിലേക്കുള്ള ഷെഡ്യൂൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി വർധിപ്പിക്കുകയും ചെയ്തതിലൂടെ ഈ മേഖലയിലെ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കയാണ് വിമാനക്കമ്പനികൾ. വ്യോമയാന മേഖല സ്വകാര്യകമ്പനികൾക്ക് കൈമാറിയതിലൂടെ ഇഷ്ടാനുസരണം പ്രവാസികളെ ചൂഷണം ചെയ്യാൻ കേന്ദ്രസർക്കാർ വഴിയൊരുക്കുകയാണ്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാരോട് വലിയ തോതിലുള്ള വിവേചനമാണ് വിമാന കമ്പനികള്‍ പുലര്‍ത്തുന്നത്.

റമളാന്‍ കാലമായതിനാല്‍ പ്രവാസികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ വരുന്ന കാലമായത് കൊണ്ട് ടിക്കറ്റിന് വൻ തുക ഈടാക്കുകയാണ്. കൂടാതെ എയര്‍ ഇന്ത്യ യാതൊരു കാരണവുമില്ലാതെ ഗള്‍ഫിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയതിലും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ബുധനാഴ്ച്ച നടക്കുന്ന മാർച്ചിൽ ജില്ലയിലെ  16 ഏരിയകളിൽ നിന്നായി പ്രവാസിസംഘം പ്രവർത്തകർ പങ്കെടുക്കുമെന്ന് സെക്രട്ടറി സി. വി ഇഖ്ബാൽ, പ്രസിഡന്റ് സജീവ് കുമാർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു
Previous Post Next Post
3/TECH/col-right