പൂനൂർ:ഏകരൂലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. സംശയാസ്പദമായ ചില മുറിവുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും മരിച്ച അർച്ചനയുടെ അമ്മ സജിത്ര പറഞ്ഞു. വിശദമായ അന്വേഷണം പൊലീസ് നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അർച്ചനയെ അമ്മൂമ്മയുടെ വീട്ടിലാക്കിയിട്ടാണ് അമ്മ സജിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിൽ പോകാൻ ഒരുങ്ങിയ കുട്ടി പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞ് അര കിലോമീറ്റർ അപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് പിന്നീട് പോയി. പണി നടക്കുന്ന വീടിനോട് ചേർന്ന ഷെഡ്ഡിന് തീപിടിച്ചെന്നും തൊഴിലുറപ്പ് തൊഴിലാളികൾ തീ അണച്ചപ്പോൾ അർച്ചനയെ അതിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് പിന്നീട് അമ്മ സജിത്ര അടക്കം ബന്ധുക്കൾ അറിയുന്നത്.
സന്തോഷത്തോടെ സ്കൂളിൽ പോകാൻ ഒരുങ്ങിയ കുട്ടിയാണ്. മറ്റ് സങ്കടങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. മരണത്തിലെ ദുരൂഹത ഒഴിയാൻ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പുസ്തകം എടുക്കാൻ പോയപ്പോൾ അർച്ചനയ്ക്ക് യാതൊരു വിധ സങ്കടവും ഉണ്ടായിരുന്നില്ലെന്ന് അമ്മൂമ്മ തങ്ക പറഞ്ഞു.
തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുമ്പോൾ സംഭവത്തിലെ ദുരൂഹത ഒഴിയുമെന്നാണ് ബാലുശ്ശേരി പൊലീസ് പറയുന്നത്.
Tags:
POONOOR