കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ മൂന്ന് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. ദയാപുരം റസിഡൻഷ്യൽ സ്കൂൾ, ആർ ഇ സി ഗവൺമെന്റ് വിഎച്ച്എസ് എസ്, ആർ ഇ സി ഗവൺമെന്റ് എച്ച് എസ് എസ് എന്നീ സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലത്തെ റീജണൽ പൗൾട്രി ഫാമിലെ കോഴികൾക്കാണ് തീവ്ര വ്യാപന ശേഷിയുള്ള എച്ച് ഫൈഫ് എൻ വൺ സ്ഥിരീകരിച്ചത്. 5000 കോഴികളിൽ 1800 കോഴികൾ ഇതിനകം ചത്തു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തമംഗലം പൗൾട്രി ഫാം അടച്ചു. പ്രതിരോധ നടപടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഇവിടെ ക്ലിയറിങ് തുടങ്ങും.
ഇന്ന് മുതൽ ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെയാകും കൊന്നൊടുക്കുക. 10 കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാബിനെ അവശേഷിക്കുന്ന കോഴികളെ കൊല്ലുന്നതിനൊപ്പം സമീപപ്രദേശങ്ങളിലെ പക്ഷികളിൽ രോഗം ഉണ്ടോയെന്ന കാര്യം പരിശോധിക്കും. രോഗം സ്ഥിരീകരിച്ചാൽ ഇടങ്ങളിലേക്കും പ്രതിരോധ പ്രവർത്തനം വ്യാപിപ്പിക്കും.
Tags:
KOZHIKODE