പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം സംസ്ഥാന തലത്തിൽ കലാകായിക മേളകളിൽ ഉന്നത വിജയം കൈവരിച്ച മൂന്നു വിദ്യാർത്ഥികളെ അനുമോദിക്കുന്ന സംഗമവും എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിജയ വിളംബര റാലിയും പൂനൂർ അങ്ങാടിയിൽ സംഘടിപ്പിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് നേടിയ ഇ പി ഫിദ ഫാത്തിമ, സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ വുഡ് കാർവിങ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ആദർശ് വി ആർ, സംസ്ഥാന സ്കൂൾ ഗെയിംസിൽ വോളിബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ടീം അംഗമായ എൻ കെ നിവേദ്യ എന്നിവർക്കാണ് അനുമോദനം നൽകിയത്.
413 കുട്ടികളാണ് ഈ വർഷം സ്കൂളിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. നൂറ് ശതമാനം വിജയവും ഇരുന്നൂറ് പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും ലക്ഷ്യം വെച്ചുള്ള എജു കെയർ പ്രവർത്തനങ്ങളുടെ വിളംബര റാലി വിദ്യാർഥികളിൽ വലിയ പ്രചോദനം ഉണ്ടാക്കി.
പി ടി എ പ്രസിഡണ്ട് ഖൈറുന്നിസ റഹീം അധ്യക്ഷത വഹിച്ചു. സി പി അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി സാജിത, കെ അബ്ദുള്ള മാസ്റ്റർ, ടി സി രമേഷ് കുമാർ, എ കെ ഗോപാലൻ, സി പി ബിന്ദു, കെ അബ്ദുസലീം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
EDUCATION