Trending

ഹജ്ജ് യാത്രാ നടപടികള്‍ ഇതുവരെ തുടങ്ങാത്ത കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത പ്രതിഷേധാര്‍ഹം: മുസ്ലിം യൂത്ത് ലീഗ്.

കോഴിക്കോട്: ഹജ്ജ് തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

ജൂണ്‍ മാസം ഹജ്ജ് നടക്കുകയാണ്.യാത്ര അപേക്ഷ നടപടികള്‍ തുടങ്ങുന്നതിനു മുമ്പ് കേന്ദ്ര ഹജ്ജ് നയം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ യാത്രാ അപേക്ഷ നടപടികള്‍ സുഖമമായി നടത്താന്‍ സാധിക്കൂ. നവംബര്‍ മാസത്തില്‍ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷ സമര്‍പ്പണം രണ്ടുമാസം വൈകി ജനുവരി ഒന്നിന് തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞിരുന്നുവെങ്കിലും നടപ്പായിട്ടില്ല.

ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹജ്ജ് യാത്ര ആശങ്കയിലാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന നിറഞ്ഞ നിഷ്‌ക്രിയത്വം തികഞ്ഞ അവകാശ ലംഘനമാണെന്നും ഉത്തരവാദപ്പെട്ടവര്‍ അലംഭാവം വെടിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരങ്ങള്‍ കാണണമെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Previous Post Next Post
3/TECH/col-right