തിരുവനന്തപുരം: 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് മാസ്‌ക് നിർബന്ധം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവർ മാസ്‌ക് നിർബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാർഗനിർദേശം നൽകിയത്. മാസ്‌കിന് പുറമേ എല്ലാവരും കൈയിൽ സാനിറ്റൈസർ കരുതണമെന്നും മന്ത്രി പറഞ്ഞു.
സാധാരണയായി സൈന്യം പൊതുപരിപാടികൾക്ക് ഒരിക്കലും വിട്ടുനൽകാറില്ലാത്ത വെസ്റ്റ്ഹിൽ വിക്രം മൈതാനമാണ് ഇത്തവണ സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനവേദി. എട്ടു ഏക്കറാണ് മൈതാനത്തിന്റെ ആകെ വലിപ്പം. ജനുവരി 3 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 വേദികളിലായി നടക്കുന്ന കലോത്സവം ഏഴിന് സമാപിക്കും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലോത്സവം കോഴിക്കോട് നഗരത്തെ അക്ഷരാർഥത്തിൽ കലയുടെ പൂരപ്പറമ്പാക്കി മാറ്റും.
അതേസമയം അടുത്ത നാല്പത് ദിവസം നിർണായകമെന്ന് കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ്. ജനുവരി പകുതിയോടെ കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. മുൻ ട്രെൻഡുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
മുൻപ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം സംഭവിച്ച് 30-35 ദിവസം കഴിഞ്ഞ് ഇന്ത്യയിൽ തരംഗം സംഭവിക്കുന്നതാണ് കണ്ടുവന്നത്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അത്തരത്തിൽ തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. മരണവും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെയും എണ്ണം വളരെ കുറവായിരിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ യാത്രക്കാരിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ചൈനയിൽ പടർന്നുപിടിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ വ്യാഴാഴ്ച ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സന്ദർശിക്കും.
Tags:
KERALA