കോഴിക്കോട്:മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.
Tags:
OBITUARY