ഭാഗം 20
ചെന്നു കയറിയ ദേവികയുടെ വീട് കണ്ട് സാബു ഞെട്ടി. മുറ്റത്ത് നിന്ന് ഒറ്റമുറി റൂമിലേക്ക് കയറാൻ അവന് കാലുകൾ വിറച്ചു. റൂമും വരാന്തയും കോലായയും അടുക്കളയും എല്ലാം കൂടിയ ഒറ്റമുറി. വെളിയിലാണ് ആ ബിൽഡിങ്ങിലെ എല്ലാർക്കും കൂടി ടോയ്ലറ്റ്, ഇരുപതോളം പേരടങ്ങുന്ന നാല് ദരിദ്ര കുടുംബങ്ങൾ വേറെയും അവിടെയുണ്ട്. പക്ഷേ, അതൊക്കെ സഹിക്കാൻ മാത്രം ജയിലനുഭവങ്ങൾ അവൻ അഭിമുഖീകരിച്ചതാണ്. സാബുവിനെ മോചിപ്പിക്കാൻ അഛനെടുത്ത റിസ്ക്കുകളെക്കുറിച്ച്, ഉണ്ടാക്കി വെച്ച ബാധ്യതകളെക്കുറിച്ച് എല്ലാം അന്ന് രാത്രി ദേവിക വിങ്ങിപ്പൊട്ടി പറഞ്ഞു തീർത്തു.
ദേവികയുടെ അഛന് വീട് നഷ്ടമായത് എങ്ങനെയെന്നറിഞ്ഞത് അന്നാണ്. തൻ്റെ ഗൾഫ് ജീവിതത്തിൻ്റെ യും ജയിൽ ജീവിതത്തിൻ്റെയും ഇരുണ്ട ദിനങ്ങളുടെ കഥകൾ ആദ്യമായി സാബു ദേവികയോട് പങ്കുവെച്ചു. ത്യാഗത്തിലുടെ ആർജിച്ചെടുത്ത സഹനത്തിൻ്റെ കരുത്ത് അവളെ പതറാതെ പിടിച്ച് നിർത്തി. കൊച്ചു മകന് നഷ്ടപ്പെട്ട ജീവിതം തിരിച്ചു കൊടുക്കണം. അഛൻ്റെ വാത്സല്യവും കരുതലും അവന് കുട്ടിനുണ്ടാകണം. സ്കൂളിൽ ചേർത്തേണ്ട സമയമായി. സാബുവിൽ ഉത്തരവാദിത്വബോധം നിറയ്ക്കാനുള്ള കഠിനയത്നത്തിലായിരുന്നു അവൾ.
നേരം പുലർന്നു. ദേവിക ഒരു സത്യം കൂടി അവനെ അറിയിച്ചു. സാബുവിൻ്റെ മോചനത്തിനായി പത്ത് ലക്ഷം വായ്പ വാങ്ങിയ നാട്ടുപ്രമാണിയുടെ വീട്ടിൽ വേലക്കു പോകുന്ന കാര്യം അറിയിച്ചു.ഇത്രയും നാളുകൾ ഈ വാടക വീട്ടിൽ ദേവികയുടെ അമ്മയും അച്ഛനും കുഞ്ഞിനെയും നോക്കി കഴിഞ്ഞുവരികയായിരുന്നു. അന്നു മുതൽ സാബു തന്നെ തൻ്റെ കുട്ടിയെ പരിചരിക്കാൻ തുടങ്ങി.
ഒരാഴ്ച കഴിഞ്ഞു. ഇങ്ങനെ ഇരുന്നാൽ ശരിയാകില്ല. ബാധ്യതകൾ 50 ലക്ഷമാണ്. ദേവികയുടെ വേലപ്പണി കൊണ്ടോ ചെറിയ ചെറിയ വരുമാനം കൊണ്ടോ നികത്താനാകാത്തത്ര വലിയ ബാധ്യതയുണ്ട്. അവളുടെ മോചനത്തിനും വേണം മുതലാളിയുടെ കടം തീർക്കുക. വാക്കുപാലിച്ചേ മതിയാകൂ. ഒരായുസ് കഠിനമായി സമ്പാദിച്ചാലും നികത്താനാകാത്ത ബാധ്യത. എന്തിനായിരിക്കും ദേവികയുടെ അഛൻ എന്നെ പുറത്തെത്തിച്ചത് !?. എൻ്റെ പഴയ കാലത്തെ സുഹൃത്തുക്കൾ എന്തുകൊണ്ടാണെന്നെ തഴഞ്ഞത്!?. അവൻ ചിന്തിച്ചു.
മകനെയും ദേവികയുടെ മാതാപിതാക്കളെയും വിട്ടു പോകാനാവാത്ത അവസ്ഥയിലായി സാബു. കടുത്ത മാനസിക സമ്മർദങ്ങളിലേക്ക് അനുദിനം മാറുകയാണവൻ. ദേവിക തന്നെ സാബുവിനൊരു ജോലി തരപ്പെടുത്താൻ പല വഴികളും തേടി. പൂർവകാല ചരിത്രമറിയുന്നവരാരും അത്തരമൊരു പരീക്ഷണത്തിന് തയ്യാറായില്ല. അവൾക്കാണെങ്കിൽ വലിയൊരു വീട് മുഴുവൻ വൃത്തിയാക്കണം, പാചകം, അലക്ക് തുടങ്ങി നടുമുറിയുന്ന ജാലികൾ.. വാടക കണ്ടെത്തണം, കുടുംബത്തിൻ്റെ ചെലവുകൾ കഴിയണം... ഇതൊക്കെ കഴിഞ്ഞ് എവിടെ നിന്നാണ് കടം വീട്ടുക!?
ആസ്വദിച്ചും ആഹ്ലാദിച്ചുമെല്ലാം കഴിയേണ്ട ദിനങ്ങൾ ഒന്നൊന്നായി ദേവികയ്ക്ക് നഷ്ടപ്പെടുകയാണ്. തിരക്കോട് തിരക്ക്, ടെൻഷനും... പക്ഷേ, ചില പ്രത്യാശയുടെയും പ്രതീക്ഷകളുടെയും നാമ്പുകൾ അവളെ ജീവിക്കാൻ അനുവദിക്കുകയാണ്.
അതിനിടയിൽ സാബുവിന് സ്വന്തം അഛനമ്മമാരെ കാണാനും അവിടെ പോയി കഴിയാനും താൽപര്യമായി. ദേവികയെയോ മകനെയോ കൂടെ കൊണ്ടുപോയില്ല.അവരെ ചെന്നു കണ്ട ശേഷം ദേവികയെ വീട്ടിലേക്കായി ക്ഷണിക്കാൻ വരികയാണ് സാബു.
"നിലവിലുള്ള ഭാരം താങ്ങാവുന്നതിലും ഏറെയാണ്. ഇനി ഭർതൃവീട്ടിലെ ഭാരം കൂടി താങ്ങാനാവില്ല " അവൾ ചിന്തിച്ചു.
ആ അഭിപ്രായം അവൾ പങ്കുവെച്ചു. അത് അവഗണിച്ചും ആക്ഷേപങ്ങൾ ഉന്നയിച്ചും ഇറങ്ങി തിരിച്ച് നടക്കുകയാണ് സാബു. ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കാനും സ്വന്തം ഭർത്താവിനെ ജീവിതത്തിലേക്കു കൊണ്ടുവരാനും സ്വന്തം തീരുമാനിച്ചിട്ട് കാര്യമില്ലെന്ന് നേരിട്ടനുഭവപ്പെട്ട നിമിഷങ്ങൾ...
പക്ഷേ, അനുഭവത്തിൻ്റെ കരുത്ത് കൊണ്ടവളുടെ യുവത്വം പിടിച്ചു നിന്നു. കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളിൽ വ്യാപരിച്ചു. അന്തസാർന്ന കുടുംബ പശ്ചാത്തലവും മാതാപിതാക്കൾ അവളെ വളർത്തിയ വഴികളും സംസ്കാര സമ്പന്നമായ ഭൂതകാലവും അവളെ ശുഭകരമായ ജീവിതത്തിലേക്ക് നയിച്ചു.സാബു വിധിയെ പഴിച്ച്, ക്രുദ്ധനായി ശകാരവർഷങ്ങൾ ചൊരിഞ്ഞ് ഇന്നലെകളെ മറന്ന് നടന്നകന്നു...
(തുടരും)
Tags:
KERALA