Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 21

ജോലിത്തിരക്കുകളിൽ ഭാരം പേറി ദേവികയും തൊഴിലൊന്നും തരപ്പെടാതെ സാബുവും ദിവസങ്ങൾ നീക്കി. മാസം ഒന്നു കഴിഞ്ഞു. ചെലവ് നടന്നു പോകുന്നുണ്ട്. പക്ഷേ, താൽക്കാലിക വായ്പകൾ നൽകിയവർ വീട്ടിലേക്ക് വന്നു തുടങ്ങി. ആദ്യം പണം തിരിച്ചു ചോദിച്ചത് ദേവിക വേലക്കു പോകുന്ന വീട്ടുടമസ്ഥൻ സണ്ണി ജോസ് ആണ്. വട്ടിപ്പലിശക്ക് നിരവധി പേർക്ക് അയാൾ പണം വായ്പ നൽകാറുണ്ട്. നാട്ടിലെ പ്രമുഖനായ രാഷ്ട്രീയക്കാരൻ. വലിയ തോതിലുള്ള കച്ചവട ശൃംഖലയിലെ കണ്ണി. പിടികിട്ടാത്ത കണ്ണികളും ബന്ധങ്ങളുമുള്ള വ്യക്തിയാണ് അയാൾ. സുഖലോലുപതയിൽ കഴിയുന്ന നാലംഗ കുടുംബം.

ദേവികയുടെ അഛൻ സാബു നാട്ടിലെത്തി ഒരു മാസം കഴിഞ്ഞിട്ടും പണവുമായി വന്നിട്ടില്ല. മകൾക്ക് ജീവിതം കിട്ടുമ്പോൾ സാബുവിലൂടെ തിരിച്ചടയ്ക്കപ്പെടുമെന്നായിരുന്നു ആ സാധുവിൻ്റെ ധാരണ. എന്നാൽ അതുണ്ടായില്ല. മാത്രമല്ല, അവന് തൊഴിലുമില്ല. ദേവികയ്ക്ക് മാനസിക പീഡനങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. അഛൻ വാങ്ങിപ്പോയ
പണത്തെക്കുറിച്ച് ചോദിച്ച് ബുദ്ധിമുട്ടിക്കുക, ചെയ്ത ജോലികളിലെ കുറ്റങ്ങൾ കണ്ടെത്തുക. ഭക്ഷണം എത്ര നന്നാക്കിയാലും കുറ്റപ്പെടുത്തുക അങ്ങനെയൊക്കെ ആയിരുന്നു തുടക്കം.
ക്രമേണ അത് കൂടിക്കൂടി വന്നു. ഇപ്പോൾ പ്രത്യേക രീതിയിലുള്ള നോട്ടവും ശരീര സ്പർശവും എല്ലാമായിട്ടുണ്ട്. ചൂഷണത്തിൻ്റെ വേലിയേറ്റമാണ്. ദാരിദ്ര്യത്തിൻ്റെ അങ്ങേയറ്റത്തെ പ്രതിസന്ധികളിലും തൻ്റെ മാനവും ജീവിതവും പരിരക്ഷിക്കാൻ പൊരുതുകയാണ് ദേവിക.

ഒരു ദിവസം ദേവിക സണ്ണിയുടെ വീട്ടിലേക്ക് പോയിരുന്നില്ല. സാബുവിൻ്റെ വരവും കാത്തിരുന്നു അവൾ. വളരെ വൈകിയാണ് ആ വിവരം അവളറിഞ്ഞത്. കടുത്ത ഛർദിയും വയറ് വേദനയും നിമിത്തം സാബുവിൻ്റെ അമ്മയും അച്ഛനും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വിവരമറിഞ്ഞ് കുഞ്ഞിനെയും കൂട്ടി ആശുപത്രിയിൽ അവൾ ഓടിയെത്തി. ഇരുവരുടെയും ബോധം മറഞ്ഞിരിക്കുന്നു. കണ്ണുകൾ തുറക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ല. സാബു വരാന്തയിൽ തലക്ക് കൈയും കുത്തി ഒരേ ഇരിപ്പിലാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവൻ രക്ഷിക്കാനുള്ള കഠിന പരിശ്രമങ്ങൾ ഫലം കണ്ടില്ല. അന്ന് പുലർച്ചയോടെ ഇരുവരും മരണത്തിന് കീഴടങ്ങി.

രണ്ട് പേരുടെയും ഒരുമിച്ചുള്ള മരണ വാർത്ത നാടിനെ ദു:ഖത്തിലാഴ്ത്തി. സംശയാലുക്കളായ നാട്ടുകാർ പരാതിപ്പെട്ടതു പ്രകാരം മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. എല്ലായിടത്തും അനുഗമിച്ച് സാബു ഉണ്ടായിരുന്നു. ഭക്ഷണത്തിൽ വിഷം കലർന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ അറിഞ്ഞപ്പോൾ അന്വേഷണം മകൻ സാബുവിലേക്ക് നീങ്ങി. ചോദ്യം ചെയ്തപ്പോൾ ഭക്ഷണത്തിൽ വിഷം കലർത്തിയത് താനാണെന്നും ജീവിത ഭാരം കരണം തനിക്ക് അവർ ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നിർവഹിച്ചതെന്നും അവൻ സമ്മതിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു അവനെ കൊണ്ടുപോയി.
പ്രതിസ്ഥാനത്ത് സാബുവാണെന്നറിഞ്ഞ ദേവിക പൊട്ടിക്കരഞ്ഞു. പ്രിയതമനാണ് കൊന്നതെങ്കിലും അവൻ്റെ അഛന് വേണ്ടി ഉച്ചത്തിൽ കരയാൻ ദേവികയല്ലാതെ ആരുമുണ്ടായിരുന്നില്ല. അവൾ അലറി വിളിച്ചു. നെഞ്ചത്തടിച്ച് കരഞ്ഞു. പിന്നെ മുഖം ബെഡിലമർത്തി തേങ്ങി തേങ്ങിക്കരഞ്ഞു. പലപ്പോഴും പതറിയിട്ടും ഉയിർത്തെഴുന്നേറ്റ വളാണ് ദേവിക. പക്ഷേ, ഇപ്പോൾ വിചാര വികാരങ്ങൾ വേറിട്ടതാണ്.

അസഹനീയം, ഈ മനുഷ്യ പിശാചിന് വേണ്ടി അഛൻ കടം വാങ്ങി മോചിപ്പിച്ച ദേവികയുടെ അഛൻ്റെ രോഷം അടക്കാനായില്ല. സ്വന്തം അഛനെ വകവരുത്തിയവൻ ഇനി ഒന്നിനും മടി കാണിക്കില്ല. ദേവിക എന്നെന്നേക്കുമായി സാബുവുമായുള്ള ബന്ധം ഉപേക്ഷിച്ച് കുഞ്ഞിനെയുമായി സ്വന്തം വീട്ടിലേക്ക് പോയി. തളർന്ന് അവശയും ദാഹപരവശയുമായിരുന്നു അവൾ... തൻ്റെ സ്നേഹനിധിയായ അഛൻ.... അവൾക്കു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.....

(തുടരും)
Previous Post Next Post
3/TECH/col-right