Trending

നിയമലംഘനങ്ങള്‍: പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കി അധികൃതര്‍.

ദുബായ്: താമസ സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുമായി ദുബായ് മുനിസിപ്പാലിറ്റി. കുടുംബങ്ങൾക്ക് താമസിക്കുന്നതിനായുള്ള മേഖലകളിലെ വീടുകളിൽ അവിവാഹിതരും, ഒന്നിലധികം കുടുംബങ്ങളും താമസിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് പരിശോധിക്കുന്നത്.

താമസക്കാരുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനാണ് മാർഗ നിർദേശങ്ങളുടെ ലംഘനം പരിശോധിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ വർഷം ഇതുവരെ 19,837 ഫീല്‍ഡ് വിസിറ്റുകള്‍ ദുബായ് മുനിസിപ്പാലിറ്റി നടത്തിയിട്ടുണ്ടെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദിവസവും നടക്കുന്ന പരിശോധനകളിലായി നിയമലംഘകർക്കെതിരെ കർശന നടപടിയും സ്വീകരിച്ചിട്ടുണ്ട്.

തുടർച്ചയായി നടക്കുന്ന ഇത്തരം പരിശോധനകളുടെ ഭാഗമായി ആളുകൾ ഇപ്പോൾ നിയമങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പ്രസ്‍താവനയില്‍ പറഞ്ഞു. താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ദുബായിലെ വില്ലകളിലും താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളിലും സുരക്ഷിതമായി താമസിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍പേര്‍ താമസിക്കുക, വീടുകളും വില്ലകളും വിഭജിക്കുക, നിയമവിരുദ്ധമായി വൈദ്യുതി കണക്ഷനില്‍ മാറ്റം വരുത്തുക തുടങ്ങിയവയെല്ലാം ഒഴിവാക്കണം. ഇത്തരം നിയമലംഘനങ്ങള്‍ കാരണം തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അബുദാബിയില്‍ വീട്ടുടമയുടെ അനുമതിയില്ലാതെ ഒരു വില്ല നാലായി വിഭജിച്ച് നാല് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ വ്യക്തി 3,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു.
Previous Post Next Post
3/TECH/col-right