Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 16

ജിദ്ദയിലെത്തിയ സാബു ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം മുൻപ് തൻ്റെ കൊലക്കത്തിക്കിരയായ സുഡാനിയുടെ ഫ്ലാറ്റിന് താഴെയുള്ള സൂപ്പർ മാർക്കറ്റിൽ കയറിച്ചെന്നു. കുറെ നേരം അവിടെയുള്ള സ്റ്റാഫുകളുമായി സംസാരിച്ചു. ആ സംസാരത്തിനിടെ ചോദിച്ചു: സുഡാനിയെ അറിയാമോ?. നാട്ടിൽ പോയോ?എന്താണയാളുടെ വിശേഷങ്ങൾ?കൊലപാതകത്തെക്കുറിച്ച വല്ല അന്വേഷണങ്ങളും ആ പരിധിയിലെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നും കേസ് നിലവിലുണ്ടോ എന്നുമൊക്കെ അറിയലായിരുന്നു സാബുവിൻ്റെ ഉദ്ദേശ്യം. പക്ഷേ, വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ! സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് സൂപ്പർവൈസർ പൊലീസിനെ വിവരമറിയിച്ചു.

"ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോക്ക് സാമ്യമുള്ള ആൾ ഇവിടെ സുഡാനിയെ അന്വേഷിച്ച് വന്നിരിക്കുന്നു" വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി. സാബുവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായി ചോദ്യം ചെയ്തു. ആദ്യം എല്ലാം നിഷേധിച്ചുവെങ്കിലും എല്ലാ തെളിവുകളും സാബുവിനെ പിടിമുറുക്കി. നാട് വിട്ട ദിവസം പാസ്പോർട്ടിൽ പൊലീസ് ഒത്തു നോക്കി. ചുമരിൽ മൽപിടുത്തത്തിനിടെ പതിഞ്ഞ വിരലടയാളങ്ങളിൽ ഒരെണ്ണം കൃത്യം നിർവഹിച്ച സാബുവിൻ്റെതാണെന്ന് വിരലടയാള വിദഗ്ദ്ധർതെളിയിച്ചു. 

ഒട്ടും താമസമുണ്ടായില്ല. അറബ് പത്രങ്ങളിൽ പ്രതിയുടെ ഫോട്ടോ ഉൾപ്പെടെ വലിയ പ്രാധാന്യത്തോടെ ന്യൂസ് വന്നു. ചാനലുകളിൽ ഫ്ലാഷ് മിന്നി മറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി." സുഡാനി പൗരൻ്റെ കൊലപാതകം; മലയാളി അറസ്റ്റിൽ " എന്ന തലക്കെട്ടിൽ രണ്ട് ദിവസം കഴിഞ്ഞ് മലയാള പത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നു. 
നിമിഷ നേരം കൊണ്ട് വാർത്ത നാട്ടിലാകെ പാട്ടായി. പ്രത്യേക ജോലിയൊന്നുമില്ലാത്ത ഒരു വിഭാഗം വയോധികരും നാട്ടിലെ സ്ത്രീകളും പ്രചാരം ഏറ്റെടുത്തു. ഒരു ഇടിത്തീ പോലെ സാബുവിൻ്റെ ഗർഭിണിയായ പ്രിയതമയുടെ കാതുകളിൽ ആ വാർത്തയെത്തി. അവൾക്ക് വിശ്വസിക്കാനായില്ല. ചേട്ടന് പങ്കുണ്ടെങ്കിൽ എന്നോട് എന്തെങ്കിലുമൊന്ന് പങ്കു വയ്ക്കുമായിരുന്നു. അവൾ മൂഢമായി വിശ്വസിച്ചു. പിന്നെ ഒരു കരച്ചിലായിരുന്നു. പിന്നെയത് അലറലും അട്ടഹാസവുമായി. കരഞ്ഞു കരഞ്ഞ് തളർന്ന് അവശയായി ദേവിക.ചുറ്റും കൂടിയവർ പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്.

സ്വപ്നങ്ങൾക്ക് മേൽ കാർമുകിൽ പടർന്നിരിക്കുന്നു.തൻ്റെ കാലവിപത്തിനെയവൾ പഴിച്ചു. മാത്രമല്ല, തൻ്റെ അഛനമ്മമാരുടെ ആയുഷ്ക്കാലത്തെ സമ്പാദ്യം മുഴുവൻ തനിക്ക് നീക്കിവെച്ചാണ് ഈ വിവാഹം സാധിച്ചത്. അതിൽ നിന്ന് നല്ലൊരു പങ്ക് വില്പന നടത്തിയാണ് സാബു പോയത്. അവൾ ഓർത്തോർത്ത് നെഞ്ചത്തടിച്ച് കരയുകയാണ്. മറ്റൊന്നുമവൾക്ക് ചെയ്യാനില്ല. കണ്ണിലും കാതിലും മൂടിയ ഇരുട്ട് ജീവിതത്തെക്കൂടി ഗ്രസിക്കാൻ പോവുകയാണ്. തൻ്റെ പ്രസവം എങ്ങനെ കഴിയും?. എൻ്റെ മകന് / മകൾക്ക് അഛനെ കാണാനൊക്കുമോ?. അഛനെ തിരിച്ച് കിട്ടുമോ?..
ധാരാളം ചോദ്യങ്ങളുടെ വലയത്തിൽ അവൾ പെട്ടു കിടക്കുകയാണ്.

പിന്നെ കുറെ നാളുകൾ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. സാബുവിൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറി. സഹതാപത്തിൻ്റെ നോട്ടം നാനാഭാഗത്തുന്നും അവളെ ചൂഴ്ന്നു നിന്നു. ക്രമേണ അന്വേഷകരോ സഹതാപം പ്രകടിപ്പിക്കുന്നവരോ അപ്രത്യക്ഷമായിത്തുടങ്ങി. ആ വേദനയുടെ അലട്ടലുകൾ ഉറക്കം കെടുത്തി. ഉദരത്തിൽ ഒരു ജീവൻ വളരുകയാണ്. തൻ്റെ മാനസിക പ്രയാസങ്ങൾക്കൊപ്പം.....

(തുടരും)
Previous Post Next Post
3/TECH/col-right