Trending

ആധാർ -ഐ. ഡി കാർഡ് ബന്ധിപ്പിക്കൽ:വട്ടം കറങ്ങി ബി. എൽ. ഒ. മാർ.

ആധാർ കാർഡും തിരഞ്ഞെടുപ്പ് ഐ ഡി കാർഡും ബന്ധിപ്പിക്കുന്നതിന് ഭവന സന്ദർശനം നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പുതിയ ഉത്തരവ് ഇത്തരം ചുമതല നൽകിയവരെ വട്ടം കറക്കുന്നതായി ആക്ഷേപം. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വീട് സന്ദർശനത്തിൽ പങ്കെടുക്കുന്ന ബി എൽ ഒ മാർക്ക് ഓഫീസിൽ നിന്ന് രണ്ട് മണിക്കൂർ നേരത്തേയോ താമസിച്ചോ ഹാജരാകാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിലാണ് ജീവനക്കാരിൽ അതൃപ്തി പുകയുന്നത്. വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനായി വോട്ടർമാരെ നേരിൽ കാണാനാണ് ബി എൽ ഒമാർ വീടുവീടാന്തരം കയറിയിറങ്ങുന്നത്.

ഇത്തരം പ്രവർത്തനത്തിനായി ഡ്യൂട്ടി ലീവ് അനുവദിക്കാത്തതിനാൽ അവധി ദിനങ്ങൾ ഇതിനായി ബി എൽ ഒമാർ ഉപയോഗപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഈ വിചിത്ര ഉത്തരവിറങ്ങുന്നത്. ഈ മാസം 30 വരെയുള്ള കാലയളവിൽ ഏതെങ്കിലും പത്ത് ദിവസം ബന്ധപ്പെട്ട ഇലക്്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രണ്ട് മണിക്കൂർ നേരത്തേയോ വൈകിയോ അവരവരുടെ ഓഫീസിൽ ഹാജരാകാൻ അനുവദിക്കുമെന്ന് അനുമതി നൽകിയാണ് ഉത്തരവിറക്കിയത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം സമയബന്ധിതമായി സങ്കീർണമായ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് ഇതിനായി രംഗത്ത് ഇറങ്ങിയവർ തന്നെ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് മണിക്കൂർ വൈകി ഓഫീസിലെത്തണമെങ്കിൽ മിക്ക ജീവനക്കാരുടെയും ബൂത്തും ഓഫീസും തമ്മിൽ ഏറെ ദൂരമുണ്ടായിരിക്കും. ഇങ്ങനെ ഓഫീസിൽ ഹാജരാകാനോ വൈകി ഇറങ്ങിയാലോ ബൂത്തിലെത്തി പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നതാണ് ഇവരുടെ വാദം. ഇതിന് പരിഹാരമായി കുറഞ്ഞ ദിവസങ്ങൾ ഡ്യൂട്ടി ലീവ് നൽകിയാൽ ഇത് പൂർണമായ തോതിൽ വിജയിപ്പിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു.

ശരാശരി ഓരോ ബൂത്തിലും 900 മുതൽ 1,300 വരെ വോട്ടർമാരാണുള്ളത്. ഒരു വീട്ടിൽ ഒരു തവണ കയറിയാൽ തന്നെ മുഴുവൻ അംഗങ്ങളെയും ഒരേ സമയത്ത് കാണാൻ സാധിക്കാത്തതിനാൽ പിന്നീടും ഇതേ വീട്ടിൽ സന്ദർശനം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ബി എൽ ഒമാർ പറയുന്നു. ഇതിനാൽ കൂടുതൽ സമയനഷ്ടവും ഉണ്ടാകുന്നു. ഇതിന് പുറമെ പ്രവർത്തനം നിലക്കുന്ന ആപ്പും നെറ്റ് വർക്ക് തകരാറും ഇത്തരം ജോലിക്ക് നിയോഗിച്ചവരെ പ്രയാസത്തിലാക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right