Latest

6/recent/ticker-posts

Header Ads Widget

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 14

മലിക് ഷാ ആണ് തന്നെ ഒറ്റുകൊടുത്തതെന്നും അവന് ഒരു പണി കൊടുക്കണമെന്നും സാബു നിശ്ചയിച്ചു. സാബു തൻ്റെ ജോലി തുടർന്നു. അറബി നിത്യവും ഉപയോഗിക്കുന്ന വാക്കുകൾ സാബുവിന് ഒന്നൊന്നായി മനസിലാകാൻ തുടങ്ങി. വീട് ക്ലീൻ ചെയ്തിരുന്ന ആൻസിയാണ് അർബാബിൻ്റെയും പിതാവിൻ്റെയും കമൻറുകൾ നിത്യേന കേട്ടിരുന്നത്. അവൾ അഞ്ച് വർഷമായി അവിടെ. നാട്ടിലെ കഷ്ടപ്പാടു കൊണ്ട് ഗൾഫിലെത്തിയതാണ്. അവൾക്കിപ്പോൾ നന്നായി അറബി സംസാരിക്കാനറിയാം. അവൾ പറയുന്നവയെല്ലാം സാബുവിന് മനസിലാക്കിക്കൊടുത്തു.

ജോലിയിൽ ആറ് മാസങ്ങൾ പിന്നിട്ടു. അങ്ങനെയൊരിക്കൽ പഴയ സുഹൃത്ത് സാബുവിനെത്തേടിയെത്തി. അവനെയും കൂട്ടി പുറത്തേക്കു പോയി. അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് വൈകുന്നേരമാണ് തിരിച്ചെത്തിയത്. പാർക്കിലും കോർണീഷിലും സമയങ്ങൾ ചെലവഴിച്ചു. ഇത് പിന്നെ പതിവാക്കി. കിട്ടുന്ന ശമ്പളം ഒരു വിധം ചെലവായിത്തുടങ്ങി. നാട്ടിൽ അസുഖബാധിതരായി കഴിയുന്ന അഛനമ്മമാർ എന്നോ അവൻ്റെ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. അവർക്ക് പണമയക്കാതെ എല്ലാം അടിച്ചു പൊളിച്ചുള്ള ജീവിതമാണ്. നക്ഷത്ര ഹോട്ടലുകളിൽ നിത്യസന്ദർശകനായി. മദ്യം പകർന്നു ഡാൻസ് ബാറുകളിൽ സന്ധ്യാസമയങ്ങൾ ചെലവഴിച്ചു. അവിടെ വെച്ചാണ് സുഡാനി പരിചയപ്പെടുന്നത്.

മുറിയൻ അറബിഭാഷയും അൽപം ഹിന്ദിയും ഗ്രഹിക്കുമായിരുന്ന സാബു പുതിയ പുതിയ കൂട്ടുകെട്ടിൽ മതിമറന്നു. അടുത്ത ദിവസം സുഡാനി സാബുവിനെ തൻ്റെ റൂമിലേക്ക് ക്ഷണിച്ചു. സ്വവർഗരതിയിൽ ഭ്രമിച്ച സുഡാനി അവനെ പല ദിവസങ്ങളിലായി ഉപയോഗിച്ചു.അവൻ്റെ ശല്യം അസഹനീയമായി. പിന്നെ സാബു ആ വഴിക്കു പോയില്ല. പക്ഷേ, ഹോട്ടലിൽ നിന്ന് സുഡാനി നിർബന്ധിച്ച് റൂമിലേക്ക് കൊണ്ടുപോയി. ബലമായി പിടിച്ചു വെച്ചു. ഏറെ നേരം മൽപിടുത്തമായി. വസ്ത്രങ്ങൾ കീറിപ്പോയി. ദേഷ്യം സഹിക്കാതെ സാബു മേശപ്പുറത്ത് കണ്ടകത്തിയെടുത്ത് സുഡാനിയുടെ വയറിന് ആഞ്ഞു കുത്തി. നിലത്ത് വീണ് രക്തം വാർന്ന് സുഡാനി മരിച്ചു.തികച്ചും അപ്രതീക്ഷിതമായിരുന്നു സംഭവങ്ങൾ.

സാബുവിന് പേടിയായി. എന്തു ചെയ്യും?.റൂമിൽ മറ്റാരുമില്ല. സി സി ടി വി യുമില്ല. ആരും കണ്ടില്ലെന്ന് ഉറപ്പു വരുത്തി. സുഡാനിയുടെ കാറിൻ്റെ ചാവി കണ്ടത് അപ്പോഴാണ്. അവൻ ബാത്ത് റൂമിൽ കയറി .ബക്കറ്റുകളിൽ വെള്ളം നിറച്ചു. രക്തക്കറകൾ മൊത്തം വെള്ളമൊഴിച്ചു കഴുകി. 

സമയം രാത്രി 12. 30, സുഡാനിയുടെ അവയവങ്ങൾ ഛേദിച്ചെടുത്തു. കടലാസുപെട്ടിയിലാക്കി. സുഡാനിയുടെ കാറിൻ്റെ ഡിക്കിയിൽ കൊണ്ടു വെച്ചു. രാത്രി ഒന്നര മണി സമയത്ത് കാർ ഓടിച്ച് പോയത് 200 കിലോമീറ്റർ അകലെ മരുഭൂമിയിലേക്ക്... കാറ് ചാവിയടക്കം ഉപേക്ഷിച്ചു മറ്റൊരു ടാക്സിയിൽ മടങ്ങി. സാബു അവൻ്റെ റൂമിലേക്കാണ് പോയത്. 
രാവിലെയാണ് അടുത്ത റൂമിലുളളവർ സുഡാനിയുടെ തിരോധാനം സംബന്ധിച്ച് പോലിസിനെ അറിയിച്ചത്. അവർ തെളിവെടുപ്പു തുടങ്ങി.

ആത്മഹത്യാ കുറിപ്പുകളില്ല. ലൈറ്റുകൾ ഓൺ ചെയ്തിട്ടിരിക്കുന്നു. ബാത്ത് റൂം തുറന്നിട്ട നിലയിലാണ്. ചുമരുകളിൽ രക്തക്കറകൾ ഉണ്ട്. രക്തം പുരണ്ട കത്തിയും കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധരെത്തി. എല്ലാ ഭാഗങ്ങളിലും സൂക്ഷ്മപരിശോധന നടത്തി.നിലത്താകെ വെളളം തളം കെട്ടി നിൽക്കുന്നു.
അതേ സമയം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറും ഡിക്കിയിൽ കണ്ട ശരീര ഭാഗങ്ങളും സുഡാനിയുടെതാണെന്ന നിഗമനത്തിൽ ഫോറൻസിക് / ഡി എൻ എ പരിശോധനകൾക്കായി അയച്ചു. ഒരാഴ്ചകൊണ്ട് കൊലപാതകം സ്ഥിരീകരിച്ചു. അന്വേഷണം സംബന്ധിച്ച വിവരങ്ങളറിയാൻ സാബു ഇടയ്ക്കിടെ അവിടെയെത്താറുണ്ട്. പിടിക്കപ്പെടുമെന്നായപ്പോൾ സാബു അർബാബിനെ കണ്ടു. നാട്ടിൽ പോകാനായി പാസ്പോർട്ട് ആവശ്യപ്പെട്ടു. അദ്ദേഹം രണ്ട് ദിവസം കഴിയട്ടെ എന്നു പറഞ്ഞുവെങ്കിലും അവൻ സമ്മതിച്ചില്ല. തികച്ചും അസ്വസ്ഥനായിരുന്നു.
" അബ്ഗീ ഇജാസ, വൈൻ ജവാസാത്തീ" (എനിക്ക് ലീവ് വേണം, പാസ്പോർട്ട് എവിടെ) : രണ്ട് ദിവസം കഴിഞ്ഞ് സാബു ചോദിച്ചു. 
- ചുഫ് ഫിൽ കീസ്, ( ചാക്കിൽ നോക്കൂ )
- മാഫി, ചുഫ്തു കില്ല മകാൻ (ഇല്ല, എല്ലായിടത്തും നോക്കി)
-ചു ഫ് ഇൻത മർറ താനീ (ഒന്നുകൂടി നോക്ക്)
- നഹം യാ സീതീ (ഒ കെ സർ)
തെരഞ്ഞു കിട്ടിയ പാസ്പോർട്ടുമായി ടിക്കറ്റെടുത്ത് നാട്ടിലേക്ക്... ശുന്യ ഹസ്തൻ..... നാട്ടിലാകട്ടെ ഗതിയില്ലാത്ത അഛനമ്മമാർ.....

(തുടരും)

Post a Comment

0 Comments