ഭാഗം 13
സാബു നിത്യേന അതിരാവിലെ 5 മണിയോടെ എഴുന്നേൽക്കണം. അറബിയുടെ പിതാവിന് 70 വയസാണ്. അദ്ദേഹത്തെ ബാത്ത് റൂമിലേക്ക് വീൽ ചെയറിൽ കൊണ്ടു പോകണം. ബ്രഷ് ചെയ്തു കൊടുക്കണം. ശരീരമാസകലം വെള്ളമൊഴിച്ച് കുളിപ്പിക്കണം. പൈപ്പ് വെള്ളത്തിന് ചൂടായതിനാൽ എഴുന്നേറ്റ ഉടനെ നാല് ബക്കറ്റ് വെള്ളം ചൂടാറാനായി നേരത്തേ പിടിച്ചു വെക്കും. ശരീരം മുഴുവൻ എണ്ണ തേച്ച് നേരത്തേ പിടിക്കാനിടും. സോപ്പു തേച്ച് കുളിപ്പിച്ചെടുക്കും. എല്ലാം ആംഗ്യങ്ങളിലൂടെയാണ് നിർവഹിച്ചത്.
പിന്നെ മുടിയും താടിയും ചീകി വൃത്തിയാക്കി കിടക്കയിൽ കിടത്തും.
ഇങ്ങനെ ഒരാഴ്ച പിന്നിട്ടു. ബാക്കി സമയങ്ങൾ ഇതേപോലെ അവിടെ ജോലിക്കെത്തിയ സിസിലിയോടും ആൻസിയോടും സൊറ പറഞ്ഞും ഫോണിൽ ഗെയിം കളിച്ചും സമയം പോക്കും. മറ്റു രണ്ട് പേരും മലയാള ഭാഷവശമില്ലാത്തതിനാൽ പരസ്പരം നോക്കി ഉണ്ടാക്കിചിരിച്ച് കടന്നു പോകും. ഭാഷ അറിയില്ലെങ്കിലും പട്ടാണിയും ബംഗാളിയും എല്ലാ കളികളും കാണുന്നുണ്ടായിരുന്നു. പലതും കണ്ണടച്ചാണ് അവരവിടെ കഴിഞ്ഞത്.
രണ്ട് യുവതികളുമായുള്ള സാബുവിൻ്റെ കളി വിനോദങ്ങളെക്കുറിച്ച് പാക്കിസ്ഥാനിയാണ് അറബിക്ക് വിവരം നൽകിയത്. അടുത്ത ദിവസം രാവിലെ പതിവുപോലെ ബാത്തിങ്ങിനായി ചെന്ന സാബുവിനെ നോക്കി അറബി പറഞ്ഞത് ഇങ്ങനെ" അൻതഹിമാർ ഹറാമി; കില്ല ഹിന്ദി ഹറാമി, മുഗ് മാഫി" (നി കഴുത തന്നെ, തന്തയില്ലാത്തവൻ, ബുദ്ധി യില്ലാത്തവൻ).പ്രശംസയോ ചീത്തയോ എന്താണെന്നറിയാതെ സാബു വളിഞ്ഞ ചിരി ചിരിച്ചു. അപ്പോൾ പറഞ്ഞു. "ശുഫ് ശുക് ലക അവ്വൽ, ബാക്കി ബഅദൈൻ " ( ആദ്യം ഉത്തരവാദിത്വം നിർവഹിക്കൂ, ബാക്കി പിന്നെയാകാം )
കണ്ണിൽ കത്തുന്ന ജ്വാലകൾ ചില ദുസ്സൂചനകൾ അവന് നൽകി. തന്നെ ചീത്ത വിളിച്ചത് തന്നെ. ആദ്യം ചീത്ത കേട്ട് ചിരിച്ചതോർത്ത് പിന്നെ ഇടെക്കിടെ അവന് ചിരി നിയന്ത്രിക്കാനായില്ല.
ഇതിനകം പല ദിവസങ്ങളിലും കുളിപ്പിക്കുന്നതിനിടെ അറബിയുടെ പപ്പ എന്തെല്ലാമോ പറയാറുണ്ട്. ഒന്നും മനസിലാകാറില്ല. വിചാരിച്ച പോലെ ചെയ്യാതിരുന്നപ്പോൾ മുഖത്തേക്ക് കാർക്കിച്ചു തുപ്പാറുണ്ട്. പക്ഷേ, പരിഭവങ്ങൾ ആരോട് പറയാൻ!?ആരു കേൾക്കാൻ!?അവൻ വിവരങ്ങൾ സിസിലിയുമായി പങ്ക് വെച്ചു. അവൾക്ക് സ്വാദിഷ്ഠമായ ഭക്ഷണങ്ങൾ തയ്യാറാക്കാനറിയാം. സമയാസമയത്ത് അറബിയുടെ വീട്ടിലും തങ്ങൾക്കുള്ളതും മേശപ്പുറത്ത് എത്തും. നല്ല തിരക്കാണവൾക്ക്. അലിഖിത നിയമങ്ങൾ ആ വീട്ടിലുണ്ട്. പല വിധ നിയന്ത്രണങ്ങളും.
പക്ഷേ, അതെല്ലാം ഇപ്പോൾ സിസിലിയും സാബുവും തെറ്റിച്ചിരിക്കുന്നു. അഞ്ച് പേർക്കും പ്രത്യേക റൂമുകളുണ്ട്. പക്ഷേ, സാബു പലപ്പോഴും സിസിലിയുടെ റൂമിലാണ് കഴിയുന്നത്. ഒരു മാസക്കാലം കൊണ്ട് അവരുടെ ബന്ധങ്ങൾ രൂഢമൂലമായി. ഇത് ശ്രദ്ധയിൽ പെട്ട ബംഗാളി മാലിക് ഷാ ആണ് തൻ്റെ
അർബാബിനെ വിവരമറിയിച്ചത്.
അടുത്ത ദിവസം അർബാബ് അവനെ തൻ്റെ കൂടെ ഒട്ടകങ്ങളെ മേയുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. മൂന്ന് ദിവസത്തേക്ക് വീട്ടിൽ നിന്ന് മാറ്റി നിറുത്തി. കത്തുന്ന സൂര്യനു താഴെ വിയർത്തുരുകി. ദാഹമകറ്റാൻ ഒട്ടകങ്ങൾക്കും അവനും ഒരേ ജലം. കൊണ്ടുവന്ന ഖുബൂസ് രണ്ടാം ദിവസം തീർന്നിരുന്നു. പട്ടിണിയും ദാഹവും അസഹനീയമായി. പ്രസ്തുത മൂന്ന് ദിവസം സാബുവിൻ്റെ ജോലി സിസിലിയെ ഏൽപിക്കുകയും ചെയ്തു. അതായിരുന്നു അവൾക്കുള്ള ശിക്ഷ.
മൂന്നാം ദിവസം അർബാബ് സാബുവിനെ കൂട്ടിക്കൊണ്ടുവന്നു. ഇങ്ങനെ പറഞ്ഞു:
"യാ ശൈത്താൻ, തആൽ മഈ, ലാതൽഅബ് മർ റ താനീ "
(പിശാചേ, കൂടെ വരൂ; ഇനി കളിക്കാൻ നിൽക്കരുത്)
അവൻ തലയാട്ടി അനുസരണയുള്ള കുട്ടിയെപ്പോലെ അർബാബിനൊപ്പം വീട്ടിൽ തിരിച്ചെത്തി....
(തുടരും)
Tags:
KERALA