ഭാഗം 12
സാബുവിന് ബിസിനസിൻ്റെ തിരക്കുള്ളതിനാൽ അഛനെ കാഷ്യാലിറ്റിയിൽ കിടത്തി പ്രാഥമിക ചികിത്സകൾക്കിടയിൽ അമ്മയെ ഫോണിൽ വിളിച്ചു വരുത്തി അവൻ സ്ഥലം വിട്ടു. വിവരമറിഞ്ഞെത്തിയ അമ്മ വല്ലാതെ സങ്കടപ്പെട്ടു. തൻ്റെ ഭർത്താവിൻ്റെ അവസ്ഥയോർത്ത് വേദനിച്ചു. മകൻ തിരക്കിലേക്ക് തിരിച്ചതോർത്ത് വ്യസനിച്ചു.
സാബുവിൻ്റെ വരുമാനം ദിനംപ്രതി 4000 രൂപയാണ്. അത് നഷ്ടമായാൽ തൻ്റെ സ്വപ്നങ്ങൾ നടക്കില്ല. അവൻ ആ വഴിക്ക് പോയി. അഛനും അമ്മയും തന്നെയായി ആശുപത്രിയിൽ. പോയ ശേഷം സാബു അമ്മയെ വിളിച്ചു നോക്കിയില്ല. സഹായിക്കാൻ വന്നതുമില്ല.
അമ്മ ചെയ്ത പഴയ സുകൃതങ്ങളെല്ലാം അവൻ മറന്നിരിക്കുന്നു... 9 മാസം ഗർഭം ചുമന്ന് ഏറെ വിഷമിച്ചാണ് പ്രസവിച്ചത്... പിന്നെ പിച്ചവെച്ച നാളുകളിലെ കരുതൽ... സ്കൂളിൽ പോയാൽ വരുന്നതുവരെയുള്ള ആശങ്കകൾ... ഭക്ഷണം കഴിപ്പിച്ച് മടുത്ത ദിവസങ്ങൾ... ഒരു പനി വന്നാൽ ഉറക്കമൊഴിച്ച് കൂട്ടിരിക്കാൻ അമ്മ മാത്രം... എത്രയെത്ര ഡോക്ടർമാരുടെ ചികിത്സകൾ...അങ്ങനെയങ്ങനെ... കരൾ പറിച്ച് ഉള്ളൻ കൈകളിൽ വെച്ചു കൊടുക്കുന്ന അമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ... ഇല്ലായ്മകളോ പ്രയാസങ്ങളോ മക്കളെ അറിയിക്കാതെ വളർത്തിയ അമ്മ...
രാപകൽ കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന അഛൻ...
ബിസിനസിനുമേൽ എല്ലാ ബന്ധങ്ങളുടെയും വില മറന്നിരിക്കുന്നു അവൻ..
ഒരാഴ്ചത്തെ കഠിന ചികിത്സയിൽ അഛൻ മുക്തി നേടി. വീട്ടിലെത്തി.
നന്നായി വിശ്രമിക്കാനും മനസിന് പ്രയാസം തട്ടാതെ ശ്രദ്ധിക്കാനും ഡോക്ടർ അമ്മയോട് പ്രത്യേകം ഉണർത്തി.ഫെബ്രുവരിയിൽ സ്കുളിൽ രക്ഷാകർതൃ യോഗം നടന്നു. സാബുവിൻ്റെ മാതാപിതാക്കൾക്ക് മീറ്റിങ്ങിൽ പോകാനായില്ല. സാബു വിവരം തന്നെ അറിഞ്ഞ മട്ടില്ല. മാർച്ച് മാസം പരീക്ഷ നടക്കുകയാണ്. വായനയില്ല. നോട്ടുകളൊക്കെ ധാരാളം എഴുതാൻ ബാക്കിയുണ്ട്. പരീക്ഷ നടന്നു. മുന്നൊരുക്കമേതുമില്ലാതെ .അവനും എഴുതി. ഫലം വന്നു. ഗ്രേഡുകൾ നന്നേ കുറവ്. എവിടെയും പ്രവേശനം കിട്ടാനുള്ള മാർക്കില്ല.
മെയ് മാസം തന്നെ അവന് ആദ്യത്തെ പ്രതിസന്ധി വന്നു. കോഴിക്കട ഉടമകളായ രണ്ടു പേരും നാട്ടിൽ തിരിച്ചെത്തി. കോഴിക്കട ബിസിനസിൻ്റ വരവ് നിലച്ചു. ഷെയറുകാർക്ക് പണം തിരിച്ച് കൊടുക്കാനാകാതെ സാബു കുടുങ്ങി. അമ്മയുടെ മാനസിക വേദനയ്ക്കു കിട്ടിയ പ്രഥമ ശിക്ഷ.അഛൻ്റെ ശാപം.
പതിനെട്ട് വയസ് പൂർത്തീകരിക്കാതെ വിസയെടുത്ത് വിദേശത്ത് പോകാനാകില്ല. പാരലൽ കോളേജ് ൽ ചേർന്ന് പഠിക്കുകയാണ് സാബു. അന്തസും ആഭിജ്യത്യവുമില്ലാത്ത ധാരാളം അംഗങ്ങൾ അവിടെ പഠിക്കുന്നു. എല്ലാവരെയും തൻ്റെ മയക്കുമരുന്ന് ബിസിനസിൽ പങ്കാളികളാക്കി. അവന് ഇപ്പോൾ പല ആവശ്യങ്ങൾക്കും പണം തികയുന്നില്ല. കഷ്ടപ്പാടിൻ്റെ ദിനങ്ങൾ...
പാസ് പോർട്ട് ഉണ്ടാക്കി. വിസയൊപ്പിച്ച് ടിക്കറ്റെടുത്ത് പോവുകയാണ് സാബു. ഗൾഫിലേക്ക്... കിടപ്പിലായ അഛൻ്റെയും നൊന്തു പ്രസവിച്ച് പ്രതിസന്ധികളിൽ കൂടെ നിന്ന അമ്മയുടെയും സമ്മതം വാങ്ങാതെ യാത്ര പുറപ്പെട്ടു. യാത്രയാക്കാൻ സുഹൃത്തുക്കൾ മാത്രം...
യാത്രയുടെ തലേ ദിവസം ബാറിലായിരുന്നു ആഘോഷം. മൂക്കറ്റം കുടിച്ച് ആടിപ്പാടി കളർഫുളാക്കിയ ദിവസം. സുഹൃത്തുക്കൾ അവനെ മുടിച്ചു. പെട്ടികളിൽ അവശ്യവസ്തുക്കൾ നിറച്ചു. എല്ലാം ഭദ്രമാക്കി. എല്ലാവരും എത്തിയ ഉടൻ വിസ സംഘടിപിക്കാനാണ് ആവശ്യപ്പെട്ടത്.
അവൻ ട്രാവൽഏജൻ്റ് പറഞ്ഞ പ്രകാരം എയർപോർട്ടിൽ നിന്നിറങ്ങി ടാക്സി പിടിച്ച് ലക്ഷ്യസ്ഥാനത്തെത്തി. കൊണ്ടുപോയ ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാരില്ലാതെ ലഗേജുകൾ തേരാ പാരാ അലഞ്ഞു നടന്നു. റൂമിലെ തൊഴിലാളികളുടെ അവസ്ഥ കണ്ട് ഞെട്ടി. രണ്ട് ദിവസം കഴിഞ്ഞ് സൂപ്പർ മാർക്കറ്റിൽ ജോലി തരപ്പെട്ടു. രാവിലെ 8ന് തുടങ്ങി രാത്രി 12 വരെ നീളുന്ന ജോലി. ഒരു ദിവസം കൊണ്ട് മടുത്തു. അത് ഉപേക്ഷിച്ചു. അടുത്ത ദിവസം കടുത്ത മാനസിക വിഭ്രാന്തി തുടങ്ങി. ചുമരിലും ഡോറിലും കൈ ചുരുട്ടി ഇടി. തലക്ക് ഇടക്കിടെ അടി. ചിലപ്പോൾ എന്തോ നഷ്ടപ്പെട്ട പോലെ പലതും പരതും. മറ്റു ചിലപ്പോൾ ഒറ്റപ്പെട്ട് നിരാശയോടെ ഇരിക്കും. റൂമിലുള്ളവർ ഇടപെട്ട് മറ്റൊരു ജോലി കൊടുത്തു.
അടുത്ത ദിവസം കാറ്ററിങ് ടീമിൽ ജോയിൻ ചെയ്തു. റൂം മാറി. പക്ഷേ, അധ്വാനത്തിൻ്റെ കാഠിന്യവും തൻ്റെ ആവശ്യങ്ങളും ആ ജോലിയും വേണ്ട എന്നു വയ്ക്കാൻ അവനെ പ്രേരിപ്പിച്ചു. അതും മതിയാക്കി. പതിനഞ്ച് ദിനങ്ങൾ കൊണ്ട് 6 കമ്പനികളിൽ മാറി മാറി പരീക്ഷിച്ചിട്ടും അവന് ജോലി സ്ഥിരപ്പെടുത്താനായില്ല. ചോര നീരാക്കി ഉറക്കമിളച്ച് കഷ്ടപ്പെടുന്നവരുടെ കാഴ്ചകൾ അവൻ കണ്ടു... ഗത്യന്തരമില്ലാതെ ഒരു അറബിയുടെ വീട്ടിൽ ജോലി കിട്ടി. അറബിയുടെ പ്രായമായ മാതാപിതാക്കളെ പരിപാലിക്കണം. അതാണ് പ്രധാന ജോലി. അവിടെ ചെന്നപ്പോൾ വീടിനോട് ചേർന്ന് മറ്റൊരു വീട് ചുണ്ടിക്കാണിച്ച് അറബി പറഞ്ഞു
" ഹദാക മസ്കനുക്" (നീൻ്റെ താമസം അവിടെയാണ് ). ഒന്നും മനസിലാകാത്ത സാബു ഭാവത്തിലൂടെ കാര്യം മനസിലാക്കി. ആ വീട്ടിലേക്ക് നടന്നു. ആ അറബിക്ക് 5 പേരെ ജോലിക്ക് നിർത്താൻ അനുമതിയുണ്ട്. കുക്ക്, ഗാർഡ്ണർ, ഹെൽപർ, ഡ്രൈവർ, ലാബറർ എന്നിവരാണവിടെ താമസിക്കുന്നത്. ഹെൽപറായി ജോയിൻ ചെയ്ത സാബു അക്കുട്ടത്തിലെ ഹീറോ ആയി. ജയിലറ പോലുള്ള ആ വീട് അതോടെ വിവിധ രാജ്യക്കാരുടെ ആഹ്ലാദാരവങ്ങളുടെ വേദിയായി. പാകിസ്ഥാനി പട്ടാണിയും ബംഗ്ലാദേശിയും സാബുവും കഴിഞ്ഞാൽ രണ്ട് പാവപ്പെട്ട പെണ്ണുങ്ങളാണവിടെ ജോലിക്കെത്തിയത്. സിസിലിയും ആൻസിയും...
പിന്നെ അവരുടെ ലോകം മറ്റൊന്നായിരുന്നു. ഇരട്ട ഭാവഭേദങ്ങളുടെ സവിശേഷ സംഗമ ലോകം... അവിടെ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ തല താഴ്ത്തിപ്പോകും..
(തുടരും)
Tags:
KERALA