Latest

6/recent/ticker-posts

Header Ads Widget

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 6

സ്വന്തം കടയിൽ ജോലിക്ക് നിൽക്കാമെന്ന് പിതാവ് പറഞ്ഞെങ്കിലും അജ്മൽ ഫുട്പാത്ത് കച്ചവടമാണ് തിരഞ്ഞെടുത്തത്. മിക്ക ബസ്റ്റാൻ്റുകളിലും ഒരു കച്ചവടക്കാരനായി അവനെത്തി. ഇന്നർ വെയറുകൾ, കുട്ടിക്കുപ്പായങ്ങൾ, കൈലിമുണ്ട്, തോർത്ത് എന്നിവയുടെ കെട്ടുകളുമായി അധ്വാനത്തിൻ്റെ ലോകത്തേക്ക് പ്രയാണം തുടങ്ങി.

കാലത്തെഴുന്നേറ്റ് ചന്തകളിൽ എത്തുക. സ്ഥാനം പിടിക്കുക. പുതിയ സാധനങ്ങൾ ഇറക്കുമതി ചെയ്യുക എന്നിത്യാദി പരിപാടികളും വിയർപ്പിൻ്റെ വിലയും അനുഭവിച്ചു തുടങ്ങി. നന്നായി വിശക്കുമ്പോൾ മാത്രമേ അവൻ ഭക്ഷണം കഴിച്ചുള്ളൂ. ആഴ്ചകൾ കൊണ്ട്. അനാവശ്യ ഇടപാടുകളുടെ ശത്രുവാക്കി അവനെ മാറ്റി.
രണ്ട് മാസക്കാലം അങ്ങനെ തുടർന്നു.

 അതിനിടെ അവൻ പഠിച്ചെടുത്തത് ചെറിയ പാഠങ്ങളല്ല. ചന്തകളിൽ ഉപജീവിതത്തിന് കഷ്ടപ്പെടുന്നവർ. സ്ഥാനം പിടിക്കാനുള്ള കോലാഹലങ്ങൾ... കുടിൽ വ്യവസായങ്ങളിലെ ഉൽപന്നങ്ങൾ... അടുക്കളത്തോട്ടത്തിലെ നാടൻ വിളകൾ... എല്ലാം അവനെ ചിന്തിപ്പിച്ചു. നിത്യവും സിനിമ കാണണമെന്നുണ്ട്. ഫാസ്റ്റ്ഫുഡ് കഴിക്കാൻ കൊതിയുണ്ട്. ചിക്കൻ ഷവർമ, അൽ ഫഹം, ഷവായ... ഓർക്കുമ്പോൾ കൊതിയാകുന്നു. പക്ഷേ, കഷ്ടപ്പെട്ടുണ്ടാക്കിയ പണം അതിനുപയോഗിക്കാൻ തോന്നുന്നില്ല.

അവൻ്റെ അധ്യാപകൻ അവനെത്തേടിയെത്തി. സ്കൂളിൽ കണ്ട അധ്യാപകൻ്റെ ഭാവത്തിലല്ല. തൻ്റെ സുഹൃത്തും രക്ഷകനുമായി. അവൻ്റെ വിശേഷങ്ങൾ ഏറെ നേരം സംസാരിച്ചു. മാതാപിതാക്കളെക്കുറിച്ച്... 
ക്ലാസിലെ സുഹൃത്തുക്കളെക്കുറിച്ച്... നാട്ടിലെ വിശേഷങ്ങളെക്കുറിച്ച്...
അധ്വാന ജീവിതത്തിൻ്റെ മഹത്വവും സ്വപ്നങ്ങളും അജ്മൽ പങ്ക് വെച്ചു. എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

അധ്യാപകൻ അവൻ്റെ ഹീറോയായി... വഴികാട്ടിയായി... മാർഗദർശകനായി...

പഠനം പൂർത്തീകരിക്കണം, മാതാപിതാക്കൾക്കൊപ്പം നല്ല ജീവിതം നയിക്കണം. തിന്മകൾക്കെതിരെ, മാഫിയകൾക്കെതിരെ പ്രതിരോധം തീർക്കണം. മാതാപിതാക്കളുടെയും നാട്ടുകാരുടെയും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കണം. പേരുദോഷവും നിന്ദ്യതയും മാറ്റിയെടുക്കണം... അവൻ്റെ ഉറച്ച തീരുമാനങ്ങൾ....

അന്ന് ആ അധ്യാപകനൊപ്പം അവൻ വീട്ടിലേക്ക് തിരിച്ചു ചെന്നു. ഇന്നവൻ പുതിയ അജ്മൽ... പേരുപോലെ അതിസുന്ദരൻ... മനസും ശരീരവും നന്മയെ പുണർന്നിരിക്കുന്നു. വീട്ടിലെത്തി ഉമ്മയെ കെട്ടിപ്പിടിച്ചു. പൊട്ടിക്കരഞ്ഞു.ഉമ്മയും ഏറെ നേരം കരഞ്ഞു. സന്തോഷവും സങ്കടവും സമ്മിശ്രമായൊരു തേങ്ങൽ...
ഉമ്മ നല്ല ഭക്ഷണമുണ്ടാക്കി. പായസം വെച്ചുവിളമ്പി. നഷ്ടപ്പെട്ട നിധി തിരിച്ചു കിട്ടിയ ആനന്ദം വീട്ടിൽ അലയടിച്ചു. കൊച്ചനിയനെയും അനിയത്തിയെയും അജ്മൽ ചേർത്തു പിടിച്ചു. ചെയ്ത തെറ്റുകൾ മാപ്പാക്കാൻ ഉമ്മയോട് കേണപേക്ഷിച്ചു. അധ്യാപകൻ്റെ ഹൃദയത്തിൻ സന്തോഷാതിരേകത്തിൻ്റെ ആന്ദോളനങ്ങൾ ഉയർന്നു.

 സാർത്ഥകമായ ദൗത്യത്തെയോർത്ത് അഭിമാനം കൊണ്ടു. എത്തിയ വിവരമറിഞ്ഞ് പിതാവ് കടയടച്ചു വീട്ടിലെത്തി. അജ്മലിനെ പിതാവ് അടുത്തു വിളിച്ചു. തലയിൽ കൈവെച്ചു പറഞ്ഞു.
"സാരമില്ല മോനേ.. "
നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ച പ്രതീതിയായിരുന്നു അവൻ്റെ മുഖത്ത്. സ്നേഹത്തിൻ്റെ സാഗരങ്ങളായ മാതാപിതാക്കളെ അവൻ അനുഭവിച്ചറിയുകയാണ്. 
അജ്മലിൻ്റെ തിരിച്ച് വരവ് നാട്ടിൽ പരന്നു.... എങ്കിലും അന്ന് പൊലീസ് കൊണ്ടുപോയപ്പോൾ ഓടിക്കൂടിയവരാരും ഈ സന്തോഷമുഹൂർത്തങ്ങൾ കാണാനുണ്ടായിരുന്നില്ല... അതൊരു വെറും വാർത്തയായി അവശേഷിച്ചു. അന്യൻ്റെ ദുരിതങ്ങളിലെ ആനന്ദവും സന്തോഷങ്ങളിലെ അവജ്ഞയും മലയാളികളുടെ പൊതുവായ മാനസികാവസ്ഥയായിരിക്കുന്നു.
ഇപ്പോൾ അജ്മൽ വിദ്യാലയത്തെ വീണ്ടെടുക്കുകയാണ്...

(തുടരും)

Post a Comment

0 Comments