Latest

6/recent/ticker-posts

Header Ads Widget

കുഞ്ഞുങ്ങളിൽ കനത്ത വൈറസ് ആക്രമണം:ശ്രദ്ധിച്ചാൽ തടയാം അറിയേണ്ടതെല്ലാം.

മാസത്തിൽ മൂന്നുതവണ കുഞ്ഞുങ്ങൾക്ക് വൈറൽ പനി വരുന്നു. മൂക്കൊലിപ്പും കഫക്കെട്ടും വിട്ടു മാറുന്നില്ല. കുട്ടികൾക്കുണ്ടാ കുന്ന ഇത്തരം അണുബാധകൾ എല്ലാ ജില്ലകളിലും കൂടുകയാണ്. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് പനി, ചുമ, ജലദോഷം എന്നിവ അടിക്കടിയുണ്ടാകുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്കിടയിൽ വൈറസ് രോഗങ്ങൾ മുൻപെങ്ങുമില്ലാത്ത തരത്തിൽ പടരുന്നുണ്ടെന്ന് ദേശീയ തലത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

കുട്ടികൾ വീട്ടിലെത്തുമ്പോൾ മുതിർന്നവരിലേക്കും അസുഖം പടരുന്നുണ്ട്. ഒരു വൈറസ് ബാധയിൽ നിന്ന് കുട്ടികൾ മുക്തി നേടുമ്പോഴേക്കും അടുത്തതു ബാധിക്കുന്ന സ്ഥിതിയാണുള്ളത്. പനിയുള്ളപ്പോഴും പരീക്ഷയും മറ്റും മൂലം സ്കൂളിലേക്കു വിടേണ്ടി വരുന്നത് മറ്റു കുട്ടികളി ലേക്കും രോഗം പടരാനുള്ള സാധ്യത കൂട്ടും. ചെറിയ കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറവായതാണ് വൈറസ് ആക്രമണം തുടർച്ചയായി ഉണ്ടാകാനുള്ള കാരണം.

എന്തുകൊണ്ട് ഇപ്പോൾ

കഴിഞ്ഞ രണ്ടു മൂന്നു മാസമായി പനി, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുള്ള വൈറൽ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. ഇതിൽ ഭൂരിഭാഗവും വൈറസ് കൊണ്ടുള്ള രോഗങ്ങളാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി കുട്ടികൾ വീട്ടിനുള്ളിലായിരുന്നു എന്നതാണ് ഇപ്പോൾ ഇത്തരം രോഗങ്ങൾ വലിയ തോതിൽ വർധിക്കാനുള്ള കാരണം. കോവിഡ് കാലത്ത് കുട്ടികൾ സ്കൂളിലോ, കളിസ്ഥലങ്ങളിലോ, മറ്റ് പൊതു ഇടങ്ങളിലോ പോയിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇക്കാലയളവിൽ വൈറസുകളുമായി സമ്പർക്കമുണ്ടായിട്ടില്ല.

അതിനാൽ വിവിധ വൈറസുകൾക്കെതിരെയുള്ള പ്രതിരോധ ശേഷി കുട്ടികൾ ആർജിച്ചില്ല. പല വൈറസുകളിൽ നിന്നു കുട്ടികൾക്ക് സംരക്ഷണം ലഭിക്കുന്നത് വൈറസ് സമ്പർക്കത്തിന്റെ ഭാഗമായി ശരീരത്തിൽ ആന്റിബോഡി രൂപപ്പെടുന്നതുവഴിയാണ്. ഇതു രണ്ടുവർഷമായി സംഭവിക്കാത്തതിനാൽ കുട്ടികളുടെ പ്രതിരോധ ശേഷി വളരെ കുറവാണ്. ഈ ഘട്ടത്തിലാണ് സ്കൂളുകൾ തുറക്കുകയും പഴയ ജീവിതശൈലിയിലേക്കു മടങ്ങുകയും ചെയ്തത്. മഴക്കാലം രോഗാണുക്കൾ പെരുകുന്ന സമയംകൂടിയാണ്.

ശ്രദ്ധിച്ചാൽ തടയാം

കൊറോണക്കാലത്ത് എടുത്തതു പോലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ തുടർച്ചയായുള്ള അണുബാധ വരാതെ സൂക്ഷിക്കാം. മാസ്ക്, സാനിറ്റൈസർ എന്നീ ശീലങ്ങൾ തുടരണം. പനി പൂർണമായി മാറുന്നതു വരെ സ്കൂളിൽ പോകാതിരിക്കുക. ഇത് കൂടുതൽ കുട്ടികളിലേക്ക് രോഗം പകരുന്നതു തടയും. അധ്യാപകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും കുട്ടികൾക്ക് ഹാജരിൽ ഇളവു നൽകുകയും വേണം.

പ്രതിരോധ ശേഷി ഉയർത്താം, ഭക്ഷണത്തിലൂടെ

കുട്ടികളിൽ പെട്ടെന്നു രോഗങ്ങൾ വരുന്നതിനു കാരണം പ്രതിരോധ ശേഷി കുറയുന്നതാണ്. പോഷകഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണത്തിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനാകും. ധാരാളം വൈറ്റമിനുകളടങ്ങിയ തൈര് കുട്ടികൾക്കു കൊടുക്കാം. ഇതിൽ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയുമുണ്ട്. പനിയും ജലദോഷവുമില്ലാത്തപ്പോൾ നൽകാം.

പതിവായി തൈര് കഴിക്കുന്നതു നല്ല ബാക്ടീരിയകളെ വർധിപ്പിക്കും. ആന്റി ഓക്സിഡന്റുകളുടെ കലവറയായ ബദാം ദിവസവും കൊടുക്കാം. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും കലവറയായ മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ റാഗിയും കുട്ടികൾക്കു നൽകാം. മധുരക്കിഴങ്ങിൽ പൊട്ടാസ്യവും നാരുകളും ധാരാളമായുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഇതു സഹായിക്കും.

കാരറ്റ്, ചീര പോലുള്ള പച്ചക്കറികൾ, കശുവണ്ടി, നിലക്കടല, വാൾനട്ട്, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവയും നൽകാം. ശർക്കരയും പ്രതിരോധ ശേഷി വർധിപ്പിക്കും. കിവി, പേരയ്ക്ക, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങളും നൽകാം. ഇവയിൽ അടങ്ങിയ വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയാണ്.

Post a Comment

0 Comments