Trending

ബീച്ചിൽ ഗാനമേള നടത്തിയത് അനുമതി ഇല്ലാതെയെന്ന് പൊലീസും മേയറും; ഒരാൾ അറസ്റ്റിൽ.

കോഴിക്കോട് കടപ്പുറത്ത് സംഗീതപരിപാടി നടത്തുന്നതായി സംഘാടകർ അറിയിച്ചിരുന്നില്ലെന്ന് മേയര്‍ ബീനാ ഫിലിപ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാളുകള്‍ നടത്തുന്നു എന്നാണ് അറിയിച്ചത്. വലിയ ജനപങ്കാളിത്തമുളള പരിപാടി നടത്തുന്നതിലെ പരിചയക്കുറവും പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും മേയര്‍ പറഞ്ഞു. കാര്‍ണിവലിന് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നതെന്നും ഗാനമേളയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നും പൊലീസും വ്യക്തമാക്കി.

അതേസമയം കാർണിവലിലേക്ക് ആളുകൾ തള്ളിക്കയറിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മാത്തോട്ടം സ്വദേശി മുഹമ്മദ് ഷുഹൈബാണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. വിദ്യാർഥികളും സന്ദർശകരും 5 പൊലീസുകാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റു. സംഭവത്തിൽ സംഘാടകർക്കെതിരെയും പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും വെള്ളയിൽ പൊലീസ് കേസെടുത്തു. 

ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. ജെഡിടി ഇസ്‌ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ ചേർന്നാണു 555 ദ് റെയിൻ ഫെസ്റ്റ് എന്ന പേരിൽ കാർണിവൽ സംഘടിപ്പിച്ചത്. ഇതിലേക്ക് ഓൺലൈനായും നേരിട്ടും ടിക്കറ്റ് എടുത്തു വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു.  കിടപ്പുരോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസത്തെ കാര്‍ണിവല്‍ പാലിയേറ്റീവ് കെയര്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചത്.
Previous Post Next Post
3/TECH/col-right