Trending

പൊതുജനങ്ങളുടെയും, സഞ്ചാരികളുടെയും സുരക്ഷയെ കരുതി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്.

പ്രിയ സഞ്ചാരി സുഹൃത്തുക്കളെ, സഞ്ചാരികളായ രണ്ടു ചെറുപ്പക്കാർ കഴിഞ്ഞ 15 ദിവസത്തിനിടെ നമ്മുടെ മലയോര പ്രദേശത്ത് പുഴകളിൽ അപകടത്തിൽപ്പെട്ട് കാണാതാവുകയും, ഇതുവരെ മൃതശരീരം പോലും തിരിച്ചു കിട്ടാത്ത ദൗർഭാഗ്യകരമായ സാഹചര്യം തുടരുകയും ചെയ്യുന്ന വസ്തുത ഉൾകൊണ്ട് കൊണ്ടും, അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥ മനസ്സിലാക്കിയും,
വളരെ വിഷമത്തോടെയാണ് ഈ കുറിപ്പ് ഇപ്പോൾ നിങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശത്തെ ഏറ്റവും അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തുഷാരഗിരി, അരിപ്പാറ, പതങ്കയം, കക്കയം, കരിയാത്തുംപാറ, ആനക്കാംപൊയിൽ, ചാലിപ്പുഴ തുടങ്ങിയ പ്രകൃതി മനോഹരമായ പ്രദേശങ്ങൾ. പ്രകൃതി ഭംഗിയുടെ മനോഹാരിതയ്ക്കപ്പുറം, ഈ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം ഈ മേഖലകളിൽ എല്ലാ വെള്ളച്ചാട്ടങ്ങളിലും പുഴകളിലും വെള്ളത്തിൻ്റെ കുത്തൊഴുക്ക് പ്രവചനാതീതമായ രീതിയിൽ അപകടകരമായി തുടരുകയാണ്. 

സുരക്ഷിതമായി ഈ സ്ഥലങ്ങലിൽ പോവുകയും, അനുവദിക്കപ്പെട്ട സുരക്ഷിത സ്ഥാനങ്ങളിൽ, സുരക്ഷാ ചുമതലയുള്ള ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിൽ, അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം, സന്ദർശിച്ചു മടങ്ങുക എന്നതാണ്, പ്രതികൂല കാലാവസ്ഥയിൽ ഉത്തരവാദിത്തപ്പെട്ട ഓരോ സഞ്ചാരിയും സ്വന്തം ജീവൻ സുരക്ഷിതമാക്കുന്നതിനും, മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ പെടുത്താതിരിക്കുന്നതിനും വേണ്ടി ഉത്തരവാദിത്വത്തോട് കൂടി ചെയ്യേണ്ട പ്രധാന കാര്യം.

നമ്മുടെ യാത്രകൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട്, ഓരോ നാടിന്റെയും പ്രത്യേകതകളും, സുരക്ഷ മുൻകരുതികളും മനസ്സിലാക്കിക്കൊണ്ട് ഏറ്റവും ഭംഗിയായി പൂർത്തിയാക്കാനും സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടും, 

 നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും ഈ അറിയിപ്പ് എല്ലാവരിലേക്കും എത്തിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട്,

സസ്നേഹം,

അലക്സ് തോമസ് ചെമ്പകശ്ശേരി,
പ്രസിഡൻ്റ്, 
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട്.
Previous Post Next Post
3/TECH/col-right