Trending

പരാധീനതകളെ അതിജയിക്കാനാകണം

ലോക ജനത ഹജ്ജ് പെരുന്നാളിൻ്റെ ത്യാഗോജ്വലമായ അനുഭവ ഗാഥകൾ പങ്കു വയ്ക്കുന്ന സവിശേഷ ദിനമാണല്ലോ ഈദുൽ അദ്ഹാ. അനുയായികൾക്ക് തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ വിജയത്തിൻ്റെ ചരിതം പകർന്ന ഇബ്റാഹീം, ഇസ്മാഈൽ എന്നീ പ്രവാചകരുടെ ത്യാഗവും സമർപ്പണവും ഹജ്ജിലൂടെ സ്മരിക്കപ്പെടുകയാണ്.

സിറിയയിലെ ബാബിലോണിൽ നിന്ന് ഭാര്യ ഹാജറിനേയും ദീർഘകാലത്തെ പ്രാർത്ഥനയിലൂടെയും കാത്തിരിപ്പിലൂടെയും കിട്ടിയ പുത്രൻ ഇസ്മാഈലിനെയും കൂട്ടി മക്കയിലേക്കുള്ള പലായനം. പിന്നെ ജീവിത പരീക്ഷണങ്ങളുടെ ആവർത്തനമായിരുന്നു. 
ഇരുവരെയും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ തനിച്ചാക്കി ഇബ്റാഹിം (അ )യാത്ര തിരിച്ചു. ഭയവിഹ്വലമായ ദിനങ്ങൾ...

അന്തരീക്ഷത്തിൻ്റെ ഉഷ്ണാവസ്ഥയും ദാഹജലത്തിനായുള്ള കുഞ്ഞിൻ്റെ കരച്ചിലും ഭീകരമായ ഏകാന്തതയും അവരെ വരിഞ്ഞുമുറുക്കി. പിരിമുറുക്കത്തിൻ്റെ ഉച്ചസ്ഥായിയിൽ കുഞ്ഞിന് ദാഹജലത്തിനായി സ്വഫാ -മർവ കുന്നുകൾക്കിടയിൽ പാനജലം തേടി അവർ ഓടി. ഒരു രക്ഷയുമില്ല; സമ്മർദ്ദങ്ങൾക്കു മീതെ ആശ്വാസത്തിൻ്റെ തെളിനീർ പൊട്ടിയൊഴുകി. ദാഹം തീർത്തു. വരണ്ട ഭൂമിയിൽ സംസം ജലം പ്രവഹിച്ചു. ഇന്നും ലോകത്തിന് അത്ഭുതമായി തുടരുന്ന സംസം....

കാലാന്തരത്തിൽ പഴക്കം ചെന്ന കഅബ പുതുക്കിപ്പണിയാനുള്ള സ്വപ്ന സന്ദേശം മക്കയിൽ മടങ്ങിയെത്തിയ പ്രവാചകനും പുത്രനും ശിരസാവഹിച്ചു. പ്രാന്തപ്രദേശങ്ങളിലെ കുന്നുകളിൽ നിന്ന് കല്ലുകൾ ശേഖരിച്ചു. നിർമാണം പൂർത്തീകരിച്ചപ്പോൾ ജനതയെ ഹജ്ജിനായി ക്ഷണിച്ചു. അവർ കൂട്ടമായും ഒറ്റയായും വാഹനപ്പുറത്തും കാൽനടയായും വന്നു ചേർന്നു. 
അധികം വൈകിയില്ല.. നാട്ടിലും പരിസരങ്ങളീലും പടർന്നു കയറിയ അനാചാരങ്ങളോട് പൊരുതേണ്ടി വന്നു. ആളുകൾക്ക് കണ്ണിലെ കരടായി മാറി ഇബ്റാഹിം (അ). ഭവനഭ്രഷ്ടനായി... നാടുവിടേണ്ടി വന്നു. അനർത്ഥങ്ങളെക്കുറിച്ച് ജനതയെ ഉത്ബുദ്ധരാക്കി. നം റൂദ് രാജാവ് കത്തിയെരിയുന്ന അഗ്നിയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, അചഞ്ചലമായ വിശ്വാസദാർഢ്യത്തിനു മുന്നിൽ സ്രഷ്ടാവ് രക്ഷയും സമാധാനവും നൽകി. 

തുടർന്ന് മിനായിലെ മലഞ്ചെരുവിലേക്ക് ദൈവകൽപനപ്രകാരം മകനുമായി ചെന്ന ഇബ്റാഹിം പുത്രനെ ബലിയറുക്കാനുള്ള കല്പന അനുസരിച്ചപ്പോൾ പകരമായി ആടിനെ അറുക്കാൻ ദൈവം കൽപ്പിച്ചു. ഇബ്റാഹിം നബിയുടെ ഈ ജീവിതത്തിൻ്റെയും ത്യാഗത്തിൻ്റെയും ഓർമപ്പെടുത്തലുകളാണ് ബലി പെരുന്നാൾ. 

ജനലക്ഷങ്ങളാണ് കഅബ പ്രദക്ഷിണം ചെയ്യുന്നത്. അറഫയിൽ സമ്മേളിച്ചത്. ഒരേ വേഷം, ഒരേ മന്ത്രം, ഒരേ ലക്ഷ്യം...വ്രതമെടുത്തും അറവ് നടത്തിയും പെരുന്നാൾ നിസ്കരിച്ചും വിശ്വാസികൾ ആ ഓർമകൾക്കൊപ്പമുണ്ട്. 
ഇന്ത്യയിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. ഒരു വിഭാഗത്തെ പുറത്താക്കാനുള്ള ഉത്തരവുകൾ, എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ഏത് ഭാഷ സംസാരിക്കണമെന്നെല്ലാം ഭരണകൂടങ്ങൾ തീരുമാനിക്കുക... അടിമകളെപ്പോലെ ജീവിക്കുക... പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുക...

ത്യാഗോജ്വലമായ ജീവിതത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്ന വിശ്വാസിക്ക് ഇതെല്ലാം അതിജീവിക്കാനാകും... പക്ഷേ, അധികാരിവർഗങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന അജണ്ടകളെ മതേതര ഇന്ത്യ അംഗീകരിക്കില്ല. പട്ടിണിയും വരൾച്ചയും നമ്മെ നശിപ്പിക്കുന്ന വറുതിയുടെ ദിനങ്ങൾ അതിവിദൂരമല്ല. ശ്രീലങ്ക നമുക്ക് പാഠമാകണം. ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നു. കലാപവും പിടിച്ചുപറിയും വ്യാപകമാണ്. പരാധീനതകളുടെ അക്കാലത്തെ നമുക്ക് അതിജയിക്കാനാകണം, ഈ പെരുന്നാളിൻ്റെ സന്ദേശം അതാകട്ടെ

✍️ ഡോ. ഇസ്മാഈൽ മുജദ്ദിദി
Previous Post Next Post
3/TECH/col-right