Trending

ശുഭ്ര സാഗരമായി അറഫാത്ത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

അറഫാത്ത്: ആഗോള സാഹോദര്യത്തിന്റെ പ്രതീകമായി തീർത്ഥാടക ലക്ഷങ്ങൾ അറഫാത്തിൽ സമ്മേളിച്ചു. വർണ്ണ, ഭാഷാ, പ്രദേശ , അറബി, അനറബി വ്യത്യാസമില്ലാതെ ഒരേ മനസ്സും , ഒരേ ലക്ഷ്യവും, ഒരേ വസ്ത്രവുമായി അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഏറ്റവും വലിയ സന്ദേശം നൽകിയാണ് ഹജ്ജിന്റെ മർമ്മ പ്രധാനമായ അറഫ സംഗമം സമാപിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ടര ലക്ഷം ഹാജിമാരും സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒന്നര ലക്ഷം ഹാജിമാരുമുൾപ്പെടെ പത്ത് ലക്ഷം ഹാജിമാരാണ് അറഫാത്തിൽ സമ്മേളിച്ചത്. മിനായിൽ നിന്നും വ്യാഴാഴ്ച രാത്രി തന്നെ അറഫ മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാർ നീങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ ഏകദേശം ഹാജിമാരെല്ലാം അറഫയിൽ എത്തിച്ചേർന്നു അറഫാ സംഗമത്തിന് സജ്ജമായി.ളുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്.

ളുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്‌ജിദിൽ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുതിർന്ന പണ്ഡിത സമിതി അംഗവുമായ മുഹമ്മദ് അൽ ഈസ ചരിത്ര പ്രസംഗത്തെ അനുസ്‌മരിച്ചു ഖുത്വുബ നിർവ്വഹിച്ചു. സാഹോദര്യവും സ്നേഹവും നഷ്ടപ്പെടരുതെന്നും മൂല്യം ഉയർത്തിപ്പിടിച്ചുള്ള ജീവിതമായിരിക്കണം നയിക്കേണ്ടതെന്നും ആഹ്വാനം ചെയ്തായിരുന്നു അദ്ദേഹത്തിനെ പ്രസംഗം.
Previous Post Next Post
3/TECH/col-right