Trending

ഖാനല്ല, പക്ഷേ, അത്ക്കും മീതേയാണ് കുറ്റിക്കോടിന്റെ സൂപ്പർസ്റ്റാർ സൽമാൻ

ജന്മാ ഉള്ള വൈകല്യത്തിൽ വീടിനുള്ളിൽ ഒതുങ്ങി പോകുമായിരുന്ന സൽമാൻ ഇന്ന് സാധാരണ മനുഷ്യരേക്കാൾ ഊർജ്ജത്തോടെ കാണാൻ സാധിക്കുന്നതിന്റെ പ്രധാന ചികിത്സ ചേർത്ത് പിടിക്കൽ മാത്രമാണ്...

'കുറേ കഷ്ടപ്പെട്ടിട്ടുണ്ട്... ചെക്കൻമാരൊക്കെ കൂട്ടിക്കൊണ്ടുപോയി അവനെ ശര്യാക്കിയെടുത്തു..ഇപ്പോ ഒരു ബുദ്ധിമുട്ടുമില്ല.. നല്ല വാശിക്കാരനാണ്...കുറേ ചെരിപ്പ് വേണം... കുറേ വസ്ത്രങ്ങൾ വേണമെന്നൊക്കെയാണ് ചെറുപ്പം മുതലുള്ള വാശി... അത് സാധിച്ചുകൊടുക്കാനൊന്നും ഞങ്ങളടത്ത് പൈസയില്ലായിരുന്നു... ഇപ്പോ അവനിക്ക് ആവശ്യത്തിനൊക്കെ കിട്ടുന്നുണ്ട്.. സ്കൂളിൽ പഠിപ്പിക്കാൻ പറ്റാത്തതിലാണ് ഇപ്പോൾ ഏറ്റവും വലിയ സങ്കടം.. സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ വിഷമം ഇടയ്ക്കിടെ അവന്റെ ഭാഷയിൽ വന്നു പറയും... കുറേ കഴിഞ്ഞതിന് ശേഷമാണ് അവൻ നടക്കാൻ തന്നെ തുടങ്ങിയത്.. ഇപ്പോ അവനാകെ മാറി. എല്ലാം അവൻ ഒറ്റയ്ക്ക് ചെയ്യും.' വിശേഷങ്ങൾ ഉമ്മ ഫാത്തിമ പങ്കുക്കുന്നത് അടുത്തിരുന്ന് സാകൂതം കേട്ടുകൊണ്ടിരുന്ന സൽമാൻ കണ്ണുനിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല.. തുണികൊണ്ട് കണ്ണീരൊപ്പിയ ശേഷം വീണ്ടും ഉമ്മയ്ക്കരികിൽ വന്നിരുന്നു...വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഞങ്ങൾ മാറിനിന്ന സമയത്ത് ഉമ്മയും സൽമാനും പരസ്പരം വാരിപ്പുണർന്നു... കണ്ണീർ തന്നെയായിരുന്നു ഭാഷ...

സൽമാനെ ഇപ്പോൾ നേരാംവണ്ണം കാണാൻ കിട്ടുന്നില്ല ഉമ്മ ഫാത്തിമയ്ക്ക്. കട ഉദ്ഘാടനവും ഫുട്ബോൾ മത്സരങ്ങളും കല്യാണങ്ങളും ചടങ്ങുകളും പരിപാടികളുമായി തിരക്കുപിടിച്ച യാത്രകളാണ് എന്നും. സൽമാന്റെ ഡേറ്റ് കിട്ടാൻ മാറ്റിവെച്ച പരിപാടികളും അനേകം. ഇതിനിടെ ദുബായിലെത്തിയും ഉദ്ഘാടനങ്ങൾ നടത്തി. ഇത്ര സെലിബ്രിറ്റിയായ സൽമാൻ ആരാണെന്നല്ലേ... ഡൗൺസിൻഡ്രോം ബാധിച്ച് ശാരീരിക മാനസിക പരിമിതികൾ ഉള്ള സൽമാനെ സുഹൃത്തുക്കളാണ് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത്. വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടുമായിരുന്ന ഈ ഭിന്നശേഷിക്കാരനെ ഇന്ന് അറിയാത്തവർ ചുരുക്കം. ഐഎം വിജയനുൾപ്പടെയുള്ള ഫുട്ബോൾ താരങ്ങളുടെ പിന്തുണയും കിട്ടി. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശ്രദ്ധയും ലഭിച്ചു.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കുറ്റിക്കോട് എന്ന പ്രദേശത്തുകാരനാണ് സൽമാൻ. പാറപ്പുറത്ത് വീട്ടിൽ പരേതനായ മമ്മുട്ടിയെന്ന മുഹമ്മദ് കുട്ടിയുടേയും ഫാത്തിമയുടേയും പത്ത് മക്കളിൽ ഒമ്പതാമൻ. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 35-കാരനായ സൽമാനെ ചെറുപ്പം തൊട്ടെ ആരും അകറ്റിനിർത്തിയിട്ടില്ല. സഹോദരങ്ങളും സുഹൃത്തുക്കളും ചേർത്തുപിടിച്ചു. യാത്രകളിലും കളികാണാൻ പോകുമ്പോഴും നേർച്ചകളിലും ഉത്സവങ്ങളിലും സുഹൃത്തുക്കൾ സൽമാനെ ഒപ്പംകൂട്ടി. തൊട്ടുമുകളിലുള്ള സഹോദരൻ റഷീദും മറ്റു സഹോദരങ്ങളുടെ മക്കളും അവരുടെ സുഹൃത്തുക്കളുമൊക്കെയായി വലിയ സൗഹൃദവലയം തന്നെയുണ്ട് സൽമാന്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എല്ലാ പരിപാടികൾക്കും അവർ സൽമാനെ കൂടെക്കൂട്ടും. തിരിച്ച് സൽമാനും അങ്ങനെ തന്നെ. ഇപ്പോൾ താരമായപ്പോൾ എങ്ങോട്ട് പോകുമ്പോഴും എല്ലാവരും കൂടെ വേണമെന്നാണ് വാശി. ആരെങ്കിലും വന്നില്ലെങ്കിൽ അവിടെ നിന്ന് അനങ്ങില്ല. അവരെ ഫോണിൽ വിളിച്ച് വരുത്തും.

ഇൻസ്റ്റഗ്രാം റീൽസിലൂടെ തുടക്കം.

രണ്ട് വർഷങ്ങൾ മുമ്പ് ഇൻസ്റ്റഗ്രാം റീൽസിലൂടെ വീഡിയോകൾ വന്നതോടെയാണ് സൽമാനെ പുറംലോകമറിയുന്നത്. കൂട്ടുകാർ ഒരുമിച്ചിരിക്കുന്ന ഘട്ടത്തിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ടുകൊണ്ടിരിക്കെ അൻസാബ് ആ ആശയം മുന്നോട്ടുവച്ചത്. സൽമാനെ വെച്ച് അതുപോലൊരു വീഡിയോ ചെയ്താലോയെന്ന് കൂട്ടുകാരോട് ചോദിച്ചു. വീഡിയോയ്ക്കായി സൽമാനെ മനസ്സിലാക്കി എടുക്കാൻ കൂട്ടുകാർ നന്നായി പണിയെടുത്തിട്ടുണ്ട്. വീഡിയോ അപ് ലോഡ് ചെയ്യുമ്പോൾ അവർ സൽമാനെ ജീവിതം തന്നെ ഇത് മാറ്റിമറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ വീഡിയോയ്ക്ക് തന്നെ രണ്ട് മില്യൺ വ്യൂസ് ലഭിച്ചതോടെ കൂട്ടുകാർക്ക് ആവേശമായി. തന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ജീവനാണ് സൽമാന്. സഹോദരന്റെ മകൻ ഷറഫു വിദേശത്തേക്ക് യാത്രയാക്കാൻ കൂട്ടുകാരൊന്നിച്ച് പോയി. കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് സൽമാൻ ഷറഫുവിനെ യാത്രയാക്കിയത്. കൂട്ടുകാരിലൊരാൾ ഇതിന്റെ വീഡിയോ പകർത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലിട്ട ഈ വീഡിയോ വൈറലായി. കൂട്ടുകാർ പിന്നീട് സൽമാനെ വെച്ച് നിരന്തരം വീഡിയോകൾ ചെയ്തു. തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഒറ്റത്തവണ കാര്യം പറയുമ്പോൾ തന്നെ സൽമാൻ അനുകരിക്കാനും ചെയ്തുകാണിക്കാനും തുടങ്ങി....

ചേർത്തുപിടിക്കൽ ചികിത്സ

അഞ്ചു വയസുണ്ടാകുമ്പോഴേ ഒരു വയസുകാരന്റെ ബുദ്ധി ഉണ്ടാകൂവെന്നാണ് സൽമാനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്. ജന്മാ ഉള്ള വൈകല്യം കാരണം വീടിനുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്ന സൽമാൻ ഇന്ന് സാധാരണ മനുഷ്യരേക്കാൾ ഊർജ്ജസ്വലതയോടെ കാണാൻ സാധിക്കുന്നതിന്റെ പ്രധാന ചികിത്സ ചേർത്തുപിടിക്കൽ മാത്രമാണ്. അകറ്റിനിർത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്തുനിർത്തി എല്ലാ പരിഗണനകളും നൽകിയതോടെ വലിയ മാറ്റമാണ് തന്റെ മകന് ഉണ്ടായിട്ടുള്ളതെന്ന് ഉമ്മ ഫാത്തിമയും സഹോദരങ്ങളും സാക്ഷ്യപ്പെടുത്തും. മറ്റൊരു മരുന്നും എന്റെ മകന് ഇപ്പോഴില്ല. എല്ലാവരോടും വലിയ കടപ്പാടുണ്ട് ഫാത്തിമ പറയുന്നു.

എഴുതാനും വായിക്കാനും സൽമാന് അറിയില്ല.വാട്സാപ്പിലെ പ്രൊഫൈൽ ചിത്രങ്ങൾ കണ്ടാണ് സുഹൃത്തുക്കളേയും മറ്റും ബന്ധപ്പെടുന്നത്. വോയ്സ് കോളാണ് അയക്കുക. പരിചിതരല്ലാത്തവർക്ക് സൽമാന്റെ ഭാഷ അത്ര പെട്ടന്ന് മനസ്സിലാകില്ലെങ്കിലും ഞങ്ങൾക്ക് സൽമാൻ പറയുന്നത് കൃത്യമായി തിരിച്ചറിയാനാകുമെന്ന് സുഹൃത്ത് കബീർ പറയുന്നു.

സെലിബ്രിറ്റി

നാട്ടുകാരും വീട്ടുകാരും അകറ്റിനിർത്താതെയും ചേർത്തു നിർത്തിയും താരപരിവേഷം നൽകിയ ഇന്ന് മാസത്തിലെ മുപ്പത് ദിവസം പരിപാടികളാണ്. സൽമാനില്ലാതെ നാട്ടിൽ ഒരു ആഘോഷവുമില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനോടകം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. യുഎഇയിലും സന്ദർശനം നടത്തിയ സൽമാൻ അടുത്ത വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പിലുമാണ്. ക്ലബ്ബുകൾ തങ്ങളുടെ ഭാഗ്യതാരമായിട്ടാണ് സൽമാനെ കാണുന്നത്. ഫുട്ബോൾ മൈതാനങ്ങളിൽ ബൂട്ടണിയിച്ച് ക്ലബ്ബുകൾ സൽമാനെ കൂടെനിർത്തും. 'ഇപ്പോൾ എവിടെ പോയാലും വലിയ താരങ്ങളെ പോലെ ആളുകൾ കൂടി സെൽഫിയെടുക്കാൻ തിരക്ക് കൂടും' സഹോദരൻ റഷീദ് പറയുന്നു. ഉദ്ഘാടനങ്ങൾക്ക് പോയി വരുമ്പോൾ ഇപ്പോൾ പണമൊക്കെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കൈയിൽ തന്നെയാണ് പണം സൂക്ഷിക്കുക.. ഉമ്മാനേയും വീട്ടുകാരേയും കൂട്ടുകാരേയും കൊണ്ടുപോകാൻ ഒരു കാറ് വേണമെന്നാണ് ഇപ്പോൾ സൽമാന്റെ ആഗ്രഹം.

സഹോദരങ്ങളുടെ അടക്കം മൂന്ന് വീടുകൾ ചേർന്ന് കോമ്പൗണ്ടിനുള്ളിലാണ് സൽമാന്റെ വീട്. ഒരു വീട്ടിൽ ഉറക്കം, ഒരു വീട്ടിൽ കിടത്തം അങ്ങനെ ജീവിതരീതി തന്നെ വ്യത്യസ്തമാണ്. ആദ്യമൊക്കെ സഹായം വേണ്ടിയിരുന്നെങ്കിലും ഇപ്പോൾ സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിന് പരസഹായം ആവശ്യമില്ല. കൂട്ടുകാർ നൽകിയ ചികിത്സയുടെ ഫലമാണിതെന്ന് വീട്ടുകാർ ഉറച്ച് വിശ്വസിക്കുന്നു.

പിതാവില്ലാത്ത സങ്കടം

ജന്മനാ തൊട്ടുള്ള വൈകല്യങ്ങളും പരിമിതികളും കാരണം പിതാവ് മുഹമ്മദ് കുട്ടിക്ക് പത്ത് മക്കളിൽ ഏറ്റവും വാത്സല്യം സൽമാനോടായിരുന്നു. ഭിന്നശേഷിസ്കൂളിൽ ചേർത്തെങ്കിലും അവിടുത്തെ മറ്റു കുട്ടികളുടെ വിഷമങ്ങൾ കണ്ട് മുഹമ്മദ് കുട്ടി സൽമാനെ അവിടെ നിന്ന് ഇറക്കിക്കൊണ്ടുവന്നു. നമ്മളോടൊപ്പം നിന്ന് തന്നെ അവൻ പഠിക്കട്ടെ എന്നായിരുന്നു മുഹമ്മദ് കുട്ടിയുടെ അഭിപ്രായം. പന്ത്രണ്ട് വർഷം മുമ്പ് മുഹമ്മദ് കുട്ടി മരിച്ചു. കളി കാണാനും കടകളിലേക്കും എല്ലാ ആഘോഷങ്ങളിലേക്കും കൈപിടിച്ച് കൊണ്ടുപോയിരുന്ന പിതാവിന്റെ വിയോഗം സൽമാനെ ഒരുപാട് ഒറ്റപ്പെടുത്തി. പക്ഷേ, സുഹൃത്തുക്കളും സഹോദരങ്ങളും അവനെ ചേർത്തുപിടിച്ചു. അവർക്കൊപ്പം അവരിലൊരാളായി മാറ്റിനിർത്താതെ അവർ മുന്നോട്ട് പോകുന്നു.... പലർക്കും മാതൃകയായി...

തയ്യാറാക്കിയത്: 
അജ്മൽ മുന്നിയൂർ
© മാതൃഭൂമി ഓൺലൈൻ
Previous Post Next Post
3/TECH/col-right