Trending

സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടത്തി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടത്തി.

ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് സമസ്തയുമായി സംഘടന ബന്ധമുണ്ടായിരിക്കുന്നതല്ലെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീരുമാനം യോഗത്തില്‍ അറിയിച്ചു.തുടര്‍ നടപടികള്‍ക്കായി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതായും നേതാക്കള്‍ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വി. മൂസക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എം.പി. മുസ്തഫല്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.എം. അബ്ദുല്ല ഫൈസി എടപ്പലം, സമസ്ത ഏകോപന സമിതി അംഗങ്ങളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ പ്രസംഗിച്ചു.

വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ജൂലായ് 4നും 13നും രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ മറ്റു സ്ഥാപന ഭാരവാഹികളുടെ സംഗമവും നടക്കും.

സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും, ജനറൽ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Previous Post Next Post
3/TECH/col-right