റിയാദ്:കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രതിരോധ നടപടികളും പിൻ വലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രധാനപ്പെട്ട ഉതരവുകൾ താഴെ വിവരിക്കുന്നു.
എല്ലാ അടച്ച സ്ഥലങ്ങളിലും ഇനി മുതൽ മാസ്ക് ആവശ്യമില്ല. അതേ സമയം മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രത്യേകം നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങൾ എന്നിവയിലെല്ലാം മാസ്ക് ധരിക്കുന്നത് തുടരണം.
ഇനി മുതൽ എവിടെയും തവക്കൽനായോ ഇമ്യുൺ സ്റ്റാറ്റസോ കാണിക്കേണ്ട ആവശ്യമില്ല. വിമാനം, മറ്റു വാഹനങ്ങൾ, യാത്രാ സൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലെല്ലാം തവക്കൽനാ ഇല്ലാതെ പ്രവേശിക്കാം.(ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കേണ്ട ആരോഗ്യ സ്ഥിതിയുള്ളവർക്ക് ഇത് ബാധകമാകില്ല).
സൗദി പൗരന്മാർക്ക് സൗദിയിൽ നിന്ന് പുറത്ത് പോകാൻ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞ് മൂന്നാമത് ഡോസ് സ്വീകരിക്കണമെന്ന നിബന്ധന സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം കഴിഞ്ഞ് മതി എന്നാാക്കി മാറ്റി.
അതേ സമയം അംഗീകൃത കൊറോണ പ്രതിരോധ ഡോസുകൾ സ്വീകരിക്കുന്നത് തുടരണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
700 ദിവസങ്ങൾക്ക് ശേഷം സൗദിയിൽ ജനങ്ങൾ നിയന്ത്രണങ്ങളില്ലാതെ കട കമ്പോളങ്ങളിലേക്ക്.
കൊറോണ മഹാ മാരിയെത്തുടർന്ന് മാസ്കും ഇമ്യൂൺ സ്റ്റാറ്റസും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൂർണ്ണമായും നീക്കിയ ആശ്വാസത്തിലാണ് സൗദിയിലെ ജനങ്ങൾ.
നേരത്തെ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ നിയന്ത്രണം തുടർന്നിരുന്നു.
പുതിയ തീരുമാനപ്രകാരം ഇപ്പോൾ അടച്ചിട്ട സ്ഥലങ്ങളിലും എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. അതിൽ എല്ലാ വിധ ആക്റ്റിവിറ്റികളും സ്ഥാപനങ്ങളും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
അതോടൊപ്പം പൊതു ഗതാഗത സംവിധാനങ്ങളുപയോഗപ്പെടുത്താനും തവക്കൽനായോ ഇമ്യൂൺ സ്റ്റാറ്റസോ ആവശ്യമില്ല എന്നതും പൊതു ജനങ്ങൾക്ക് വലിയ ആശ്വാസം പകരും.
അതേ സമയം ഇപ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലേക്ക് നയിച്ച മൂന്ന് കാരണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങൾക്കായുള്ള മുൻ ഗണനയും, വാക്സിനേഷൻ കാംബയിനിന്റെ വിജയവും, പ്രതിരോധ നടപടികളുമായുള്ള സ്വദേശികളുടെയും വിദേശികളുടെയും സഹകരണവുമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലേക്ക് നയിച്ചത് എന്നാണ് മന്ത്രാലയം അറിയിച്ചത്.
Tags:
INTERNATIONAL