Trending

സ്പാനിഷ് മാത്രം വഴങ്ങുന്ന ഹന ഇനി മലയാളം പഠിക്കും.

തോട്ടുമുക്കം:സ്പാനിഷ് മാത്രം വഴങ്ങുന്ന ഹന ഇനി മലയാളം പഠിക്കും. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ നിന്നുള്ള വിദ്യാർഥിയാണ് കേരളത്തിലെ സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടിയത്.

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ഗവ. യു.പി സ്കൂളിലാണ് ഹന തിരുനിലത്ത് എന്ന നാലു വയസുകാരി എൽ.കെ. ജിയിൽ ചേർന്നത്. 
ഹനയുടെ പിതാവ് ജംഷീർ മലയാളിയാണെങ്കിലും മാതാവ് പെറു സ്വദേശിനിയാണ്.

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പള്ളിത്താഴെ തിരുനിലത്ത് ജംഷീർ അമേരിക്കയിൽ പാചകക്കാരനായി ജോലി ചെയ്യുമ്പോഴാണ് അർജന്റീനയിൽ ജോലി ചെയ്യുകയായിരുന്ന പെറുവിലെ ട്രഫിയോ സ്വദേശിനി കാർമെൻ റോസ് റോഡിഗ്രസ്സലാസറുമായി 2015ൽ ഫേസ്ബുക്ക് വഴി സൗഹൃദത്തിലാകുന്നതും അത് പ്രണയത്തിന് വഴിമാറു ന്നതും. ഇതോടെ ഇവർ വിവാ ഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവുകയും ചെയ്തു. ലാറ്റിനമേരിക്കൻ പേര് വഴങ്ങാത്തതിനാൽ ഫാത്തിമ എന്ന പേരാണ് വീട്ടുകാരും നാട്ടുകാരും കാർമെൻ റോസിനെ വിളിക്കുന്നത്.

സ്പാനിഷ് മാത്രമാണ് ഫാത്തിമക്ക് വശം. ഇതോടെ ആശയവിനിമയത്തിന് വീട്ടുകാർ വലിയ പ്രയാസം നേരിട്ടു. ഇപ്പോഴും ഭാഷ പ്രശ്നമാണെങ്കിലും ആംഗ്യത്തിലൂടെയും മറ്റുമാണ് പരസ്പരം ആശയവിനിമയം നടത്തുന്നത്.

കേരളത്തിൽ ജനിച്ചതിനാൽ ഹനയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ട്. ഫാത്തിമയെ പോലെ ഹനയ്ക്കും സ്പാനിഷ് മാത്രമാണ് വഴങ്ങുന്നത്. 

ഭാഷയും ഭക്ഷണവും ഇപ്പോഴും പ്രശ്നമാണന്നും എന്നാൽ കേരളവും മലയാളി സംസ്കാരവും ഏറെ ഇഷ്ടമാണെന്നും ഫാത്തിമ പറയുന്നു. പുതിയ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും മധുരം നുകർന്നും സ്കൂളിലെ ആദ്യദിവസം തന്നെ വർണ്ണാഭമാക്കിയാണ് ഹന ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

ഹനയെ കൂടാതെ കൊച്ചനിയൻ റംസാനും ഉണ്ടായിരുന്നു ഇന്നലെ സ്കൂളിൽ.
Previous Post Next Post
3/TECH/col-right