Trending

ശവ്വാലമ്പിളി നമ്മോട് പറയുന്നത്: ഡോ. ഇസ്മാഈൽ മുജദ്ദിദി

റമദാൻ മുപ്പത് പൂർത്തീകരിച്ച് വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുകയാണ്. ഇന്നലെ വരെ നിർബന്ധമായിരുന്ന വ്രതം ഇന്ന് നിഷിദ്ധമാണ്. അനുഷ്ഠാനങ്ങളുടെ ഗതി മാറ്റത്തിൻ്റെ വേഗം വളരെ പ്രകടമാണ്. ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച് പ്രഭാതം മുതൽ പ്രദോഷം വരെ സ്രഷ്ടാവിൻ്റെ കൽപനകൾ ശിരസാവഹിച്ച് കഴിഞ്ഞ മുപ്പത് ദിനങ്ങൾ.

പട്ടിണിയുടെ തീക്ഷ്ണത മനസിലാക്കാനും ആർദ്രമായ മനസിനെ പാകപ്പെടുത്താനും വിശ്വാസിക്ക് സാധിച്ചു. അത് നിലനിറുത്താനും വീഴ്ചകളിൽ നിന്ന് സ്വയം നിയന്ത്രിക്കാനും കഴിയുമ്പോഴാണ് അവൻ്റെ വ്രതം സാധുവായോ എന്ന് അളക്കപ്പെടുന്നത്.
കുഞ്ഞിളം കരങ്ങളിൽ പിടിപ്പിച്ച മൈലാഞ്ചിയുടെയും ഉമ്മമാരുടെ അപ്പത്തരങ്ങളുടെയും ഈദുൽ ഫിത്വർ നമസ്കാരത്തിൻ്റെയും തക്ബീറിൻ്റെ ഇശലുകളുടെയും ഫിത്വർ സക്കാത്തിൻ്റെയും നിറഞ്ഞ സ്മൃതികൾ ചെറിയ പെരുന്നാളിനെ മനോഹരമാക്കുന്നു.

പുത്തനുടുപ്പുകളിൽ അത്തറ് പൂശി വിരുന്നു സൽക്കാരങ്ങളിൽ ലയിച്ച് അയൽപക്ക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനൊരു ദിനം.ഈ നോമ്പുകാലത്തെ നോവുന്ന ഓർമകളും ഏറെ പങ്കുവയ്ക്കാനുണ്ട്. റഷ്യയുടെ മിസൈലുകളും ബോംബുകളും ഉക്രൈനിൻ്റെ മേൽ അശാന്തിയുടെ പർവം തീർത്തു. ആയിരക്കണക്കിന് മയ്യിത്തുകൾ കുന്നുകൂടി.ഒരു വശത്ത് തകൃതിയായ ആയുധവിൽപന. അഫ്ഗാനിലുണ്ടായ വെടിയൊച്ചകളും യാദൃച്ഛികമല്ല. ഗൂഢാനോചനകളുടെ പ്രതിഫലനമാണവിടെ കണ്ടത്.

കഴിഞ്ഞ വർഷത്തെ റമദാനിൽ പതിനൊന്ന് ദിവസം തുടർച്ചയായി ഫലസ്തീനിനു മേൽ വർഷിച്ച ഇസ്റായേലിൻ്റെ ആയുധങ്ങൾ തീർത്ത ദുരിതങ്ങൾ ലോകം കണ്ടതാണ്. ഒരാണ്ടറുതിയോടെ ഈ റമദാനിലും വെള്ളിയാഴ്ച പ്രാർത്ഥനക്കു നേരെ ചീറിയടുത്ത ജൂത സൈനികർ കശാപ്പിനുകാലികളെ പിടിക്കുന്ന ലാഘവത്തോടെയാണ് ഫലസ്തീൻ പൗരൻമാരെ പൂട്ടിട്ട് കൊണ്ടു പോകുന്നത്. സ്ത്രീകളും കുട്ടികളും യുദ്ധങ്ങൾക്ക് ഇരയാക്കപ്പെടുന്നത് തടയാൻ ആരുമില്ല. ചോദ്യം ചെയ്യാൻ ഏജൻസികളില്ല. വിശുദ്ധമായ പള്ളിക്കകത്തും വെടിവെച്ച് നൃത്തമാടുന്ന കാട്ടാളരെയും രക്ഷസന്മാരെയും നാം മീഡിയകളിലൂടെ കണ്ടു.

നമ്മുടെ പരിസരങ്ങളിലും വിഷലിപ്തമായ പ്രഘോഷണങ്ങളാണ് അരങ്ങേറുന്നത്. മതസൗഹാർദവും സാഹോദര്യവും നശിപ്പിക്കുന്ന പരാമർശങ്ങൾ... ആളുകൾ സംശയത്തോടെ നോക്കാനും പരസ്പര വിശ്വാസം നഷ്ടപ്പെടാനുമിടവരുന്ന ദുഷിച്ച പ്രയോഗങ്ങൾ...കോവിഡ് ആരെയും പാഠം പഠിപ്പിച്ചില്ല; മാത്രമല്ല, മനുഷ്യജീവന് വിലയില്ലാതാക്കുകയാണ് ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യത്വത്തെ ഹനിക്കാനും വർഗീയത പടർത്താനുമേ ഉപകരിക്കുകയുള്ളൂ. വികാരത്തിനു പകരം വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള വിചിന്തനമാകട്ടെ ശവ്വാലമ്പിളി നൽകുന്ന സന്ദേശം..

അല്ലാഹു അക്ബർ..... വലില്ലാഹിൽ ഹംദ്
Previous Post Next Post
3/TECH/col-right