Latest

6/recent/ticker-posts

Header Ads Widget

കരിഞ്ചോലയുടെ തേങ്ങലിന് ഇന്നേക്ക് 4 വർഷം.

2018 റമദാൻ 29 (2018 ജൂൺ 14) കോരിച്ചൊരിയുന്ന മഴ തുടർന്നുകൊണ്ടിരിക്കുന്നു സുബഹിക്ക് മുമ്പ് ഫോണിലൂടെ അവരെ ബന്ധപ്പെട്ടു വിശേഷങ്ങൾ ചോദിച്ചഅറിഞ്ഞു എല്ലാം റാഹത്ത് ആണെങ്കിലും മഴയുടെ ശക്തിയും മലവെള്ള പാച്ചിലും പേടിപ്പെടുത്തുന്നു എന്ന വിവരം കൂടി പങ്കുവെച്ചു.എല്ലാം റബ്ബിൽ തവക്കുലാക്കുന്നു എന്നു പറഞ്ഞു  നേരം വെളുത്തിട്ട് എന്തെങ്കിലും പരിഹാരം കാണാം എന്നും പറഞ്ഞു നിർത്തി

അത്താഴവും കഴിച്ചു സുബഹി നമസ്കാരവും കഴിഞ്ഞ് പള്ളിയിൽ ചിലരുമായി തോരാത്ത മഴയെ പറ്റി പറഞ്ഞ് നിൽക്കുന്ന സമയം.
 അതിഭയങ്കരമായ ശബ്ദം ഇടിമുഴക്കം ആണെന്ന് ആദ്യം അഭിപ്രായപ്പെട്ടങ്കിലും ശബ്ദത്തിന്റെ സ്വഭാവം വച്ച് അത് മറ്റ് എന്തോ അപകടം ആണെന്ന് തിരിച്ചറിഞ്ഞു.

 അല്പസമയത്തിനുശേഷം അറിയാൻ കഴിഞ്ഞു കരിഞ്ചോല മലയിലാണ് അപകടം സംഭവിച്ചത് പിന്നെ പെട്ടന്ന് തന്നെ അങ്ങോട്ട് പുറപ്പെട്ടു അവിടെ എത്തി കണ്ട കാഴ്ച്ച  മനസ്സിനെ വല്ലാതെ തളർത്തി ആ മഴയിലും ശരീരമാകെ വിയർക്കാൻ തുടങ്ങി.

ഇന്നലെ വരെ നാം കണ്ടിരുന്ന വീടുകൾ നിന്നിരുന്ന സ്ഥലം പോലും മനസ്സിലാവാത്ത രൂപത്തിൽ വലിയ പാറക്കല്ലുകളും മണ്ണുകളും കൊണ്ട് മൂടപ്പെട്ടിരിക്കുന്നു ആ വീടുകളിൽ ഉണ്ടായിരുന്നവർ മണ്ണിനടിയിൽ ആയോ അല്ലെങ്കിൽ വെള്ളത്തിന്റെ പാച്ചിലിൽ താഴോട്ട് ഒഴുകി പോയോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ തകർന്നുവീണ കോൺക്രീറ്റ് വീടിന്റെ അടിയിൽ നിന്നും   ജീവൻ രക്ഷക്ക് വേണ്ടി അലമുറയിട്ടു കരയുന്ന ഉമ്മയുടെയും മക്കളുടെയും ശബ്ദം അതിലേറെ ഭയാനകം തോന്നി ആരുടെ യൊക്കെയോ സാഹസിക പ്രവർത്തനങ്ങൾ കൊണ്ട് അവിടെയുള്ള ചിലരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ജീവൻ പൊലിഞ്ഞ പിഞ്ചുമക്കളെ കണ്ടു ചങ്ക് ഇടറാൻ തുടങ്ങി...
 ആരുടെയൊക്കെ സമാധാനപ്പെടുത്തലി ന്റെ വാക്കുകളിലൂടെ എല്ലാം അല്ലാഹുവിന്റെ ഖളാആണെന്ന് മനസ്സിലാക്കി മനസ്സിനെ നിയന്ത്രിച്ചു.

 ആ സമയത്തും അധികം മോശമല്ലാത്ത രൂപത്തിൽ മഴ തുടരുന്നുണ്ടായിരുന്നു പാറകളും മണ്ണും മരങ്ങളും അടഞ്ഞുകിടക്കുന്ന അവിടങ്ങളിൽ ജീവൻ ബാക്കിയായി രക്ഷാ കരങ്ങളെ പ്രതീക്ഷിക്കുന്ന കൂടപ്പിറപ്പുകൾ ഉണ്ടെന്ന് മനസ്സ് പറഞ്ഞെങ്കിലും  മുകളിൽ നിൽക്കുന്ന ഭീമൻ പാറക്കല്ല് കണ്ടു അവിടത്തേക്ക് ഇറങ്ങാൻ പലരും ഭയപ്പെട്ടു.

 പക്ഷേ സ്വന്തം ചോരയിൽ പിറന്നവരെ പറ്റി ആലോചിച്ചപ്പോൾ ചിലർക്ക് ഒന്നും ഒരു പ്രശ്നമായി തോന്നിയില്ല അത് കണ്ട് പലരും ഞങ്ങളോടു കൂടെ മണ്ണും കല്ലും മരങ്ങളും  നിറഞ്ഞ  ആ ഭാഗത്തേക്ക് ഇറങ്ങിവന്നു മരങ്ങൾക്കിടയിൽ കണ്ട കുഞ്ഞുകരം ഒരു പ്രതീക്ഷയായിരുന്നു പക്ഷേ വൻ മരങ്ങൾക്കിടയിൽ ആയിരുന്നു അവന്റെ മറ്റു ഭാഗങ്ങൾ . എന്നാലും കഴിവതും പെട്ടെന്ന് തന്നെ മരങ്ങൾ മാറ്റി  പ്രതീക്ഷയോടെ പുറത്ത് എടുത്തെങ്കിലും ഫലം നിരാശയായിരുന്നു.. പിന്നെ പ്രതീക്ഷകൾ കൈവിട്ടു തുടങ്ങി  എന്നിരുന്നാലും പലയിടങ്ങളിൽ നിന്നും ആളെ കണ്ടു എന്ന് വിളിച്ചു പറയുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ജീവൻ തുടിക്കുന്നുണ്ടോ എന്നായിരുന്നു.

 ഇനി ജീവനിൽ പ്രതീക്ഷ ഇല്ല  ചലനമറ്റ ശരീരം എങ്കിലും കണ്ടാലോ എന്ന പ്രതീക്ഷയിൽ തിരച്ചിൽ തുടർന്നപ്പോൾ  നാളത്തെ പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി വാങ്ങിവെച്ച പുതിയ വസ്ത്രത്തിന്റെ കവറുകളും മക്കളുടെ കളിപ്പാട്ടങ്ങളും കണ്ടു വീണ്ടും മനസ്സിടറി.


 സമയങ്ങൾ കടന്നുപോയി അന്ന് ചിലരുടെ മാത്രം ജീവനറ്റ ശരീരം മറവ് ചെയ്യേണ്ടിവന്നു.

 അങ്ങിനെ ദിവസങ്ങൾ കാത്തു നിൽക്കേണ്ടിവന്നു പതിനാലാമത്തെ ആളുടെയും മയ്യത്ത് ഖബറടക്കാൻ....

 ഉറ്റവരെ നഷ്ടപ്പെട്ടവരോട് എല്ലാം അല്ലാഹുവിന്റെ വിധി എന്നല്ലാതെ മറ്റൊരു സമാധാനത്തിന്റെ വാക്ക് പറയാൻ ആർക്കും സാധിച്ചില്ല അത് തന്നെ ഞാനും പറഞ്ഞു.

 ഇനി അവർക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ളത് പ്രാർത്ഥനകൾ മാത്രമാണ്...
 റബ്ബേ അവരെ നീ ശുഹദാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണെ... അവരെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് .... ആമീൻ

 നിങ്ങളുടെ എപ്പോഴത്തെയും പ്രാർത്ഥനകളിൽ അവരെയും കൂടി ചേർക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു....

ഷൗക്കത്ത് കരിഞ്ചോല

Post a Comment

0 Comments