Trending

വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

മുംബൈ:കൊവിഡ് കാരണം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും പൂര്‍ണ്ണതോതില്‍ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന കമ്പനികള്‍ തയ്യാറായതോടെ വിമാനനിരക്കുകളില്‍ കുറവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസുകള്‍ കൂടുന്നതോടെ കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനെ എത്തിക്കുമെന്നാണ് ഇക്‌സിഗോ റിപ്പോര്‍ട്ട് പറയുന്നത്. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിച്ച് ഈ മാസം 27 മുതലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതു വരെ എയര്‍ ബബിള്‍ സംവിധാനത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

2020 മാര്‍ച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്. രണ്ട് വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു. 

നേരത്തെ പരിമിത സീറ്റ് സര്‍വീസ് ആയതിനാല്‍ ഇന്ത്യയിലെ യാത്രക്കാര്‍ കൂടിയ നിരക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നല്‍കിയിരുന്നത്. അമേരിക്കയിലേക്കുള്ള സര്‍വീസിന് 100 ശതമാനംവരെ നിരക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതോടെ ലുഫ്താന്‍സ, സ്വിസ് എയര്‍ എന്നിവര്‍ ഒക്ടോബറോടെ സര്‍വീസുകള്‍ ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ ഇപ്പോള്‍ ആഴ്ചയില്‍ 22 സര്‍വീസുകളാണ് നടത്തുന്നത്. ഇത് 42 സര്‍വീസായി വര്‍ധിപ്പിക്കും. 

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നടക്കം 52 സര്‍വീസുകള്‍ രാജ്യത്ത് നിന്നും നടത്തുന്നുണ്ട്. എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നായാണ് ഇത്. മാര്‍ച്ച് 21 മുതല്‍ ഇത് 61 ആയി വര്‍ധിപ്പിക്കാന്‍ ഇവര്‍ ആലോചിക്കുന്നുണ്ട്. 100 അന്താരാഷ്ട്ര സര്‍വീസുകള്‍ വരും മാസങ്ങളില്‍ ഇന്‍ഡിഗോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Previous Post Next Post
3/TECH/col-right