Trending

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും.

ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ  പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.

2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. രണ്ട് വർഷം അന്താരാഷ്ട്ര സർവീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.

വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്.

നിലവിൽ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സർവീസ് നടത്താനുള്ള കരാർ ഉണ്ട്. ഇതിൽ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്. മാർച്ച് 27 ഓടെ കൊവിഡിന് മുൻപത്തെ നിലയിലേക്ക് വ്യോമയാന മേഖല മാറും.
Previous Post Next Post
3/TECH/col-right