കൽപ്പറ്റ: ലോകം യുദ്ധഭീതിയിൽ വിറങ്ങലിക്കുമ്പോൾ യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാദിനത്തോടനുബന്ധിച്ച് പെൺകരുത്തിൽ കൈകോർത്ത് വയനാട്ടിലെ ചീങ്ങേരി മലകയറാൻ വനിതാ വ്ളോഗർമാരെത്തുന്നു. മാർച്ച് ആറിന് ഞായറാഴ്ച വൈകിട്ട് വയനാട് ജില്ലയിലെ വനിതാ മാധ്യമ പ്രവർത്തകർക്കൊപ്പം ഇന്ത്യയുടെ പല ഭാഗത്ത് നിന്നുമുള്ള ഇരുപതിലധികം യൂടൂബർമാരാണ് മല കയറുന്നത്.
ചലച്ചിത്ര താരം ദേവി അജിത്തും മലകയറ്റത്തിൽ ഇവർക്കൊപ്പം ചേരും.
സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീമിൻ്റെ നേതൃത്വത്തിൽ പല മേഖലകളിൽ നിന്നുള്ള സ്ത്രീകളും പങ്കാളികളാകും.കേരളത്തിൻ്റെ ടൂറിസം പ്രോത്സാഹനവും വനിതാ ശാക്തീകരണവും ഒപ്പം സമാധാനത്തിനുള്ള ഐക്യദാർഡ്യവുമാണ് പരിപാടിയുടെ ലക്ഷ്യം.
വയനാട് ഡി.ടി.പി.സിയുടെയും ആൾ കേരള ടൂറിസം അസോസിയേഷൻ്റെയും
,ഗ്ലോബ് ട്രക്കേഴ്സ്,കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ യൂണിയൻ,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള , മാധ്യമ രംഗത്തെ സ്റ്റാർട്ടപ്പായ മീഡിയ വിംഗ്സ് എന്നിവരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .
വർത്തമാനകാല സാഹചര്യം കണക്കിലെടുത്ത് ലോക സമാധാനത്തിനാഹ്വാനം ചെയ്ത് മലമുകളിൽ 30 വെൺപതാകകൾ പറപ്പിക്കും .രാത്രി കൊളഗപ്പാറ സൺബേർഡ് റിസോർട്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയിലെ ആദ്യത്തെ ക്രിയേറ്റീവ് അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂൾ സ്ഥാപിച്ച എറണാകുളം സ്വദേശിനി ജയശ്രീ വിജയകുമാറിന് വുമൺ എക്സലൻസ് പുരസ്കാരം സമ്മാനിക്കും. വയനാട് ജില്ലയിലെ ആദ്യത്തെ വനിതാ ടൂറിസം സംരംഭകരിൽ ഒരാളായ
ലൈസ രഘുവിനെയും ആദരിക്കും. മീനങ്ങാടി നാട്ടുകൂട്ടം കലാസമിതിയുടെ കലാ വിരുന്നും ഉണ്ടാകും.
മാർച്ച് 6, 7 തിയതികളിൽ വയനാട്ടിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിൻ്റെ ഭാഗമായാണ് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
Tags:
WAYANAD