Trending

കാരുണ്യതീരം വിപുലീകരിക്കുന്നു: ഉയരുന്നത് അഞ്ചേക്കറില്‍ കെയര്‍ വില്ലേജ്.

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പൂനൂർ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കോളിക്കല്‍ കയ്യൊടിയന്‍പാറയില്‍ കഴിഞ്ഞ 12 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കാരുണ്യതീരം കാമ്പസ്.
കാരുണ്യതീരം കാമ്പസിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാംഘട്ടമെന്ന നിലയില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഇപ്പോള്‍ തുടക്കം കുറിച്ച സവിശേഷ പദ്ധതിയാണ് കെയര്‍ വില്ലേജ്.

സ്‌പെഷ്യല്‍ സ്‌കൂള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പരിശീലനത്തിനും തൊഴില്‍ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് അഞ്ചേക്കര്‍ ഭൂമിയില്‍ കെയര്‍ വില്ലേജ് ഉയരുന്നത്. കാരുണ്യതീരം കാമ്പസിന് തൊട്ടടുത്ത് തന്നെ അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാകേന്ദ്രം, ആജീവനാന്ത പുനരധിവാസം, തൊഴില്‍ പരിശീലനം, തൊഴില്‍ ശാല, ഇന്നൊവേഷന്‍ ഹബ്ബ്, അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ആര്‍ട്‌സ് സെന്റര്‍ എന്നിവയാണ് കെയര്‍ വില്ലേജില്‍ ഒരുങ്ങുക. ജീവിതകാലം മുഴുവന്‍, വിവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ സമൂഹത്തിന് തണലും കരുതലുമൊരുക്കുകയാണ് കെയര്‍ വില്ലേജിന്റെ ലക്ഷ്യം.

കാരുണ്യതീരം കാമ്പസിനടുത്തായി കെയര്‍ വില്ലേജിനായി കണ്ടെത്തിയ അഞ്ചേക്കര്‍ ഭൂമി പൊതുജനപങ്കാളിത്തത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അഞ്ചേക്കര്‍ ഭൂമിയില്‍ അര സെന്റ് വീതം സ്ഥലം 15,000 രൂപ നല്‍കി വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്‌പോണ്‍സര്‍ ചെയ്ത് ഇതില്‍ പങ്കാളികളാവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പസില്‍ ഇരുനൂറിലധികം കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ട്. പതിനെട്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, പകല്‍ പരിപാലന കേന്ദ്രം, കൈത്തിരി ആയുര്‍വേദ പഞ്ച കര്‍മ്മ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗണ്‍സിലിംഗ് ആന്റ് സൈക്കോ തെറാപ്പി എന്നിവയാണ് ക്യാമ്പസില്‍ നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ മറ്റൊരു പ്രവര്‍ത്തന മേഖലയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് . മാനസിക വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന ആളുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആക്കോണ്‍ ഫൗണ്ടേഷന്‍ കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന നാല്‍പ്പതോളം പേര്‍ക്ക് സൗജന്യ സേവനം നല്‍കി വരുന്നു.മെഡിക്കല്‍ ഉപകരണ വിതരണം, ആംബുലന്‍സ് സര്‍വീസ്, ബ്ലഡ് ഡൊണേഷന്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റും കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു.

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കേരള എന്ന പേരില്‍ ഒരു ദുരന്ത നിവാരണ സേനയും ഫൗണ്ടേഷന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ദുരന്ത മുഖത്തെ രക്ഷപ്രവര്‍ത്തനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സന്നദ്ധസേനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളിലും ഉരുള്‍പൊട്ടലുകളിലും (കരിഞ്ചോല, പുത്തുമല, നിലമ്പൂര്‍, ചെങ്ങന്നൂര്‍, വയനാട് )  നിപ്പ വൈറസ് പടര്‍ന്ന ഘട്ടത്തിലും കോവിഡ് 19 തുടങ്ങി മുഴുവന്‍ ദുരന്തങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 25,000 പേര്‍ക്ക് പരിശീലനം നല്‍കാന്‍ സേനക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍  പ്രസിഡന്റ് ഹക്കീം പൂവക്കോത്ത്, വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ ഒ.കെ, ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം ചെയര്‍മാന്‍ കെ. അബ്ദുല്‍മജീദ് എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right