കൊടുവള്ളി:അറുപതാം വയസില്‍ മോഡലായി നാട്ടുകാരെ മുഴുവന്‍ ഞെട്ടിക്കുകയാണ് കൊടുവളളിക്കാരന്‍ മമ്മിക്ക. ലുങ്കിയും ഷര്‍ട്ടും ധരിച്ച് മുടി നീട്ടി വളര്‍ത്തിയ രൂപത്തിലായിരുന്ന മമ്മിക്ക ഐപാഡും പിടിച്ച് കോട്ടും സ്യൂട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് ഈ അറുപതുകാരന്‍. തനിക്ക് അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു.
ഫോട്ടോഗ്രാഫര്‍ ഷരീഖ് വയലിലാണ് മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയതും അത് ഇത്രയും ഗംഭീര ഫോട്ടോഷൂട്ടാക്കി മാറ്റിയതും.
കൂലിപ്പണി കഴിഞ്ഞ് മുഷിഞ്ഞ വേഷത്തില്‍ മീനും പച്ചക്കറിയുമെല്ലാം വാങ്ങി വീട്ടിലേക്ക് പോകുന്ന മമ്മിക്കയുടെ ചിത്രം നാട്ടുകാര്‍ക്ക് സുപരിചിതമാണ്. നിമിഷ നേരം കൊണ്ടാണ് അറുപത് വയസ്സ് കഴിഞ്ഞ നല്ല ചുറു ചുറുക്കുള്ള മോഡലായി മമ്മിക്ക മാറിയത്.
ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായാണ് അണിയറപ്രവര്‍ത്തകര്‍ മമ്മിക്കയെ മോഡലാക്കിയത്.മമ്മിക്കയുടെ മേക്കോവറിന്റെ വീഡിയോ ഷരീക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത് വൈറലായിരുന്നു. അതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്.
മേക്കോവറിന്റെ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നടന്‍ വിനായകന്റെ മാരക ലുക്കാണ് മമ്മിക്കയ്‌ക്കെന്ന് പലരും അഭിപ്രായം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തിലാണ് ഷരീക്ക് പരസ്യത്തിനായുള്ള ഫോട്ടോഷൂട്ടിലേക്ക് മമ്മിക്കയെ തിരഞ്ഞെടുത്തത്. മജ്നാസാണ് മമ്മിക്കയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ആഷിക്ക് ഫുവാദ്, ഷബീബ് വയലില്‍ എന്നിവരാണ് മേക്കപ്പ് അസിസ്റ്റന്റുമാര്‍.
Tags:
KODUVALLY