Trending

സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ഇളവ്; പരമാവധി 1500 പേരെ ‍ പങ്കെടുപ്പിക്കാന്‍ അനുമതി.

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചു. പരമാവധി 1500 പേരെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ആലുവ ശിവരാത്രി, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ഉത്സവങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷനും ഇളവ് അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ ഉത്സവസീസണാണ്. കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് ക്ഷേത്രഭാരവാഹികളും വിവിധ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവ്. ഉത്സവങ്ങളില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയിലാണ് ആളുകളെ നിയന്ത്രിക്കേണ്ടത്. ക്ഷേത്രത്തിന്റെ സ്ഥല വിസ്തീരണത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ആളുകളെ നിശ്ചയിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മൂന്നുമാസത്തിനകം കോവിഡ് വന്നവര്‍ക്കും പങ്കെടുക്കാം. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ കുടുംബത്തോടൊപ്പം ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

ഇത്തവണയും ആറ്റുകാല്‍ പൊങ്കാല റോഡില്‍ അനുവദിക്കില്ല. കഴിഞ്ഞതവണത്തെ പോലെ ക്ഷേത്രത്തിലും വീട്ടിലും വച്ച് പൊങ്കാല സമര്‍പ്പിക്കാം. പന്തലുകളില്‍ ഭക്ഷണ വിതരണം പാടില്ല. സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന തിങ്കളാഴ്ച മുതല്‍ അംഗന്‍വാടികള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി.
Previous Post Next Post
3/TECH/col-right